|

ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം യു.പിയില്‍ നടന്നത് 59ഓളം എന്‍കൗണ്ടറുകള്‍; ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം യോഗി ആദിത്യനാഥിന്റെ യു.പിയില്‍ നടന്ന 59ഓളം എന്‍കൗണ്ടറുകളില്‍ യു.എന്നിലെ നാല് മനുഷ്യാവകാശ വിദഗ്ദര്‍ തങ്ങളോട് ആശങ്ക പ്രകടിപ്പിച്ചതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍.

ഇത്തരത്തിലുള്ള 15ഓളം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനുഷ്യാവകാശ വിദഗ്ദര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും, മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇതില്‍ കൂടുതലായും ഇരകളായതെന്നും യു.എന്‍ ഓഫീസിന്റെ പ്രസ്താവനയില്‍ പറയുന്നു. കത്തിന് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് ഇത് സംഭവിക്കുന്നതെന്നും, എന്‍കൗണ്ടറിന്റെ ഇടയിലും ആത്മരക്ഷാര്‍ത്ഥവുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ് പൊലീസിന്റെ ന്യായീകരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. “ഈ സംഭവങ്ങളുടെ മാതൃകയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്, കൊല്ലപ്പെടുന്നതിന് മുമ്പ് ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. മൃതദേഹങ്ങളില്‍ പീഢിപ്പിക്കപ്പെട്ടതിന്റെ പാടുകളും കാണാം”- യു.എന്‍ വിദഗ്ദര്‍ പറയുന്നു.

Also Read താന്‍ ഭരണത്തിലേറി രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് കലാപങ്ങളുണ്ടായില്ലെന്ന് യോഗി ആദിത്യനാഥ്; തെറ്റായ വാദമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍

ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിഷ്‌കര്‍ശിച്ച മാര്‍ഗ രേഖ അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നതിലും ,പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറുന്നതിലും പൊലീസ് പരാജയപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഈ കേസുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ക്കു അന്വേഷിക്കാന്‍ കൈമാറാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് പൊലീസ് സേനയുടെ ഉപയോഗം എത്രയും പെട്ടെന്ന് പരിശോധിക്കണമെന്നും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉത്തര്‍പ്രദേശ് പൊലീസിനെ മാറ്റണമെന്നും വിദഗ്ദര്‍ ആവശ്യപ്പെടുന്നു.

നേരത്തെ 2018 ജൂലായില്‍ സംസ്ഥാനത്ത് നടന്ന വ്യാജ ഏറ്റുമുട്ടലുകളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും യു.പിയിലെ സര്‍ക്കാരിന് സമാന ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത് രണ്ടു വര്‍ഷത്തിനിടയ്ക്ക് സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടതായും സംഘടിത ആക്രമണങ്ങള്‍ക്ക് തടയിടാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞതായും ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.