റോം: വടക്കന്‍ ഗസയിലേക്കുള്ള ഭക്ഷ്യ സഹായം താത്കാലികമായി നിര്‍ത്തിവെച്ച് ഐക്യരാഷ്ട്ര സംഘടന. ആഴ്ചകള്‍ക്ക് ശേഷം പുനരാരംഭിച്ച യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി) നേതൃത്വം നല്‍കുന്ന ജീവനക്കാര്‍ക്കെതിരെയും വാഹന വ്യൂഹങ്ങള്‍ക്കെതിരെയും ഇസ്രഈലി സേന ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഏജന്‍സിയുടെ പുതിയ തീരുമാനം.
ഗസയിലേക്ക് സഹായമെത്തിക്കുന്ന യു.എന്‍ അടക്കമുള്ള ഏജന്‍സികളുടെ വാഹനവ്യൂഹങ്ങളും ജീവനക്കാരും ഭീഷണി നേരിടുന്നുണ്ടെന്ന മുന്നറിയിപ്പും നിലവിലെ തീരുമാനത്തിന് കാരണമായിട്ടുണ്ട്.
ഫലസ്തീന്‍ ജനതക്കായുള്ള ഭക്ഷ്യ സഹായം നിര്‍ത്തിവെച്ചത് നിസാരമായിട്ടല്ല തങ്ങള്‍ കാണുന്നതെന്നും ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഈ തീരുമാനം ഗസയിലെ മരണസംഖ്യ ഉയര്‍ത്തും എന്നതടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയാമെന്നും ഡബ്ല്യു.എഫ്.പി പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍ സേനയുടെ നിരന്തരമായ ആക്രമണം തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും ഗസയിലേക്ക് സഹായമെത്തിക്കുന്നതില്‍ തടസം സൃഷ്ടിക്കരുതെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ ഇസ്രഈല്‍ മറികടക്കുകയാണെന്നും ഡബ്ല്യു.എഫ്.പി ചൂണ്ടിക്കാട്ടി.
സേനയുടെ ആക്രമണത്തിന് പുറമെ തെക്കന്‍ ഖാന്‍ യൂനിസിലും മധ്യ ഗസയിലെ ദേര്‍ അല്‍ ബലാഹിനുമിടയില്‍ ഡബ്ല്യു.എഫ്.പിന്റെ ട്രക്കുകള്‍ ഫലസ്തീനികള്‍ കൊള്ളയടിക്കുകയും ഒരു ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗസയില്‍ പട്ടിണിയും നിര്‍ജലീകരണവും കാരണം എട്ടുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടി കൊല്ലപ്പെട്ടതായി യൂറോ മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടിണി മൂലമുള്ളകാല്‍സ്യത്തിന്റെ അഭാവം കൊണ്ടാണ് ഹാനിന്‍ സാലിഹ് ഹസന്‍ ജുമാ മരിച്ചതെന്ന് സംഘടനയുടെ വടക്കന്‍ ഗസയില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു.