ന്യൂദല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണവകുപ്പിനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ഏജന്‍സി. ഏകദേശം കൃത്യമായ ജാഗ്രതാ നിര്‍ദേശമായിരുന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റേതെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അത് അധികൃതരെ സഹായിച്ചെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റെത്തുന്നതിനു മുന്‍പ് ആളുകളെ സുരക്ഷാമേഖലകളിലേക്കു മാറ്റുന്നതിനും ആളപായമുണ്ടാകാതിരിക്കുന്നതിനു സഹായിച്ചത് ഈ ജാഗ്രതാനിര്‍ദേശമാണെന്നും ഏജന്‍സി പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായതില്‍ വെച്ചേറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു ഇന്നലെ രാവിലെഎട്ടുമണിയോടെ ഒഡിഷ തീരത്തെത്തിയത്. കാറ്റിലും മഴയിലും പെട്ട് ഇതുവരെ എട്ടുപേര്‍ മരിച്ചുകഴിഞ്ഞു.
11 ലക്ഷത്തോളം പേരെ ബാധിച്ച കനത്ത മഴയില്‍ പുരിയടക്കമുള്ള സ്ഥലങ്ങള്‍ ഏറെക്കുറേ വെള്ളത്തിലായി.
ഫോനിയുടെ ഗതി വളരെ സൂക്ഷ്മതയോടെയാണ് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണിത്.
ഒഡിഷ തീരത്ത് 175 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റെത്തിയത്.
കാറ്റിന്റെ തീവ്രത കുറഞ്ഞ് ഒഡീഷ തീരത്തു നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങും.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ഫോനിയുടെ പ്രഭാവം അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കടല്‍ ക്ഷോഭത്തിനു പുറമേ കനത്ത മഴയും ആന്ധ്രാ, ബംഗാള്‍ തീരങ്ങളിലുണ്ട്.