ഭക്ഷണ വിതരണം നിലക്കും; ​ഗസയിൽ 48 മണിക്കൂര്‍ രാത്രികാല ഭക്ഷണ വിതരണം നിര്‍ത്താന്‍ യു.എന്‍ ഏജന്‍സികള്‍
World News
ഭക്ഷണ വിതരണം നിലക്കും; ​ഗസയിൽ 48 മണിക്കൂര്‍ രാത്രികാല ഭക്ഷണ വിതരണം നിര്‍ത്താന്‍ യു.എന്‍ ഏജന്‍സികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 8:52 am

ജെറുസലേം: യുദ്ധത്തിനിടയിലും പട്ടിണിയില്‍ വലയുന്ന ഗസയില്‍ ഭക്ഷണ വിതരണം പൂര്‍ണമായും നിലക്കുന്നു. ഭക്ഷണം വിതരണം ചെയ്യുന്നതില്‍ നിന്ന് സന്നദ്ധ സംഘടനകള്‍ പിന്‍മാറുന്നതായാണ് റിപ്പോര്‍ട്ട്.

ഗസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞദിവസം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ സംഘടനകള്‍ ഭയന്ന് പിന്‍മാറുന്നത്.

ഇതിന് പിന്നാലെ 48 മണിക്കൂര്‍ രാത്രികാല ഭക്ഷണ വിതരണം നിര്‍ത്താന്‍ യു.എന്‍ ഏജന്‍സികള്‍ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഇടപെടലിലൂടെ ആരംഭിച്ച കടല്‍ വഴിയുള്ള താത്ക്കാലിക ഭക്ഷ്യ വിതരണവും നിലച്ച സ്ഥിതിയിലാണ്.

ഗസയിലെ സ്ഥിതി ദയനീയമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ഗസയിലേക്ക് എത്തിയ 100 ടണ്‍ ഭക്ഷ്യസഹായം ഇറക്കിയതിന് ശേഷം ദേര്‍ അല്‍ബലാഹിലെ വെയര്‍ഹൗസിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഇത് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണെതിരായ ആക്രമണം മാത്രമല്ലെന്നും ഭക്ഷണം യുദ്ധായുധമായി ഉപയോഗിക്കുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ സഹായവുമായെത്തുന്ന മാനുഷിക സംഘടനകള്‍ക്ക് നേരെയുള്ള ആക്രമണമാണിതെന്നും വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സി.ഇ.ഒ എറിന്‍ ഗോര്‍ പ്രതികരിച്ചിരുന്നു. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: UN agencies to stop 48-hour overnight food distribution in Gaza