സൊമാലിയയില്‍ 40 ശതമാനം ജനതയ്ക്കും മതിയായ ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് യു.എന്‍
Daily News
സൊമാലിയയില്‍ 40 ശതമാനം ജനതയ്ക്കും മതിയായ ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2016, 8:40 am

ദാരിദ്ര്യത്തിന് പുറമെ വരള്‍ച്ച, വെള്ളപ്പൊക്കം, അഭയാര്‍ത്ഥികളുടെ തിരിച്ചുവരവ്, സര്‍ക്കാരും വിമതരും തമ്മിലൂള്ള പോരാട്ടം എന്നിവയും സൊമാലിയന്‍ ജനതയുടെ ദുരിതം ഇരട്ടിപ്പിക്കുന്നതായും ഐക്യരാഷ്ട്രസഭ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

മൊഗാദിശു: സൊമാലിയയില്‍  നാല്‍പ്പത് ശതമാനത്തോളം ജനങ്ങള്‍ വേണ്ടത്ര ഭക്ഷണം പോലും കഴിക്കാതെയാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭ. അഞ്ചു വയസിന് താഴെയുള്ള 300,000 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം ദുരിതം അനുഭവിക്കുന്നുണ്ടെന്നും യു.എന്‍ കണക്കുകള്‍.

ദാരിദ്ര്യത്തിന് പുറമെ വരള്‍ച്ച, വെള്ളപ്പൊക്കം, അഭയാര്‍ത്ഥികളുടെ തിരിച്ചുവരവ്, സര്‍ക്കാരും വിമതരും തമ്മിലൂള്ള പോരാട്ടം എന്നിവയും സൊമാലിയന്‍ ജനതയുടെ ദുരിതം ഇരട്ടിപ്പിക്കുന്നതായും ഐക്യരാഷ്ട്രസഭ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

ദാരിദ്ര്യം തുടരുമ്പോഴും രാജ്യത്ത്് സര്‍ക്കാരും അല്‍ ഷബാബ് അടക്കമുള്ള വിമതരും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കാതെ നീളുകയാണ്. ബോംബുകള്‍ക്കും ദാരിദ്ര്യത്തിനുമിടയിലെ പോടിസ്വപ്‌നമാണ് തങ്ങളുടെ ജീവിതമെന്നാണ് സൊമാലിയന്‍ ജനത പറയുന്നത്.
somalia-1

2011ല്‍ സൊമാലിയയില്‍ പട്ടിണി മൂലം 260,000 ജനങ്ങളാണ് മരിച്ചു വീണത്.

ദരിദ്ര്യത്തിനും അഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും പുറമെ അഭയാര്‍ത്ഥി പ്രശ്‌നവും സൊമാലിയയെ ബാധിക്കുന്നുണ്ട്. കെനിയയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ ദതാബ് അടച്ചുപൂട്ടാനുള്ള കെനിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തോടെ പതിനായിരത്തിലധികം അഭയാര്‍ത്ഥികളാണ് സൊമാലിയയിലേക്ക് ഈ വര്‍ഷം തിരിച്ചെത്തിയത്. ക്യാമ്പില്‍ മൂന്നു ലക്ഷത്തോളം സൊമലായന്‍ അഭയാര്‍ത്ഥികളാണുള്ളത്. നവംബറോടെ ദതാബ് ക്യാമ്പ് അടച്ചു പൂട്ടുന്നതോടെ അഭയാര്‍ത്ഥികളുടെ തിരിച്ചൊഴുക്ക് ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.