പണി വാങ്ങാന്‍ തന്നെയാണോ ഉദ്ദേശം; ഷമി കളിക്കില്ല, പകരക്കാരന്‍ ഇവന്‍
Sports News
പണി വാങ്ങാന്‍ തന്നെയാണോ ഉദ്ദേശം; ഷമി കളിക്കില്ല, പകരക്കാരന്‍ ഇവന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 3:08 pm

സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ടി-20 പരമ്പരയില്‍ കൊവിഡ് ബാധിതനായ മുഹമ്മദ് ഷമിക്ക് പകരം യുവതാരം ഉമ്രാന്‍ മാലിക് ടീമിലെത്തും.

ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ടി-20 ഫോര്‍മാറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കവെ ആണ് മുഹമ്മദ് ഷമിക്ക് കൊവിഡ് ബാധിക്കുന്നത്. ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ ഇതോടെ താരത്തിന് കളിക്കാനുള്ള അവസരം നഷ്ടമാവുകയായിരുന്നു.

വെറ്ററന്‍ പേസര്‍ ഉമേഷ് യാദവാണ് ഷമിക്ക് പകരക്കാരനായി സീരീസില്‍ കളിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഉമേഷ് യാദവ് പന്തെറിഞ്ഞത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഉമേഷിന് സാധിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ഷമി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് ഏഴ് ദിവസത്തിനിപ്പുറവും താരത്തിന് നെഗറ്റീവായിട്ടില്ല. ഒരു റിസ്‌ക് എടുക്കാന്‍ സെലക്ടര്‍മാരും താത്പര്യപ്പെടുന്നില്ല.

താരത്തിന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ച് കൃത്യമായ ധാരണയില്ലെന്നാണ് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ്‌സ്‌പോര്‍ട്ടിനോട് പറഞ്ഞത്.

‘മുഹമ്മദ് ഷമിയുടെ ആരോഗ്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണ എനിക്കില്ല. മെഡിക്കല്‍ ടീമിനാണ് അക്കാര്യത്തിലുള്ള വിവരങ്ങള്‍ ഉണ്ടാവുക,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനുും ഹര്‍ദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചതിനാല്‍ സെലക്ടര്‍മാര്‍ ഉമ്രാന്‍ മാലിക്കിലേക്ക് എത്തിച്ചേരുകയായിരുന്നു.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉമ്രാന്‍ അതിന് ശേഷം നടന്ന ഇന്ത്യയുടെ രണ്ട് പരമ്പരകളില്‍ ഭാഗമായിരുന്നു. എന്നാല്‍ വേണ്ടതുപോലെ തിളങ്ങാന്‍ താരത്തിനായിട്ടായിരുന്നു. വേഗം മാത്രം കൈമുതലാക്കിയ ഉമ്രാനെ എതിരാളികള്‍ ആക്രമിച്ചുകളിക്കുകയായിരുന്നു.

ഇന്ത്യയുടെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായിരുന്ന ഉമ്രാന്‍ മോശം പ്രകടനം കാരണം സ്‌ക്വാഡില്‍ നിന്നും പുറത്താവുകയായിരുന്നു.

അതേസമയം, ലോകകപ്പിനുള്ള ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി ബി.സി.സി.ഐ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ പേസര്‍മാരുടെ മോശം ഫോമും ഷമിയുടെ ആരോഗ്യവും ഇന്ത്യന്‍ ടീമിന് തലവേദനയാവും.

 

Content Highlight: Umran Malik will replace Muhammed Shami for India – South Africa series