ശനിയാഴ്ചയാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര വിജയിച്ച ആത്മവിശ്വാസവുമായി കളിക്കുന്ന ഇന്ത്യ ഇതിനോടകം തന്നെ ന്യൂസിലന്‍ഡിനെതിരായ ആദ്യകളി വിജയിച്ച് പരമ്പരയില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 349 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 49.2 ഓവറില്‍ 337 റണ്‍സിന് അവസാനിച്ചിരുന്നു.
ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനുമെതിരായ ഏകദിന പരമ്പരയിലെ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാതെ പോയ താരമായിരുന്നു ഉമ്രാന്‍ മാലിക്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഉമ്രാന് പകരം ഷര്‍ദൂല്‍ താക്കൂറിന് നറുക്ക് വീഴുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ഫാസ്റ്റസ്റ്റ് ബൗളറെ എന്തുകൊണ്ടാണ് ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉമ്രാന്‍ മാലിക്കിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. ഇങ്ങനെ പോയാല്‍ ഇനി ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ടീമിലും ഉമ്രാന്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് പരാസ് മാംബ്രെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലേക്കുള്ള പ്ലാനിങ്ങില്‍ ഉമ്രാനും ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ന്യൂസിലന്‍ഡ് പരമ്പരയില്‍ ഉമ്രാന് പകരം ഷര്‍ദുല്‍ താക്കൂറിനെ തെരഞ്ഞെടുത്തതിനെ പറ്റിയും മാംബ്രെ പ്രതികരിച്ചിരുന്നു. ‘രണ്ട് പേരും ടീമിന് പ്രധാനപ്പെട്ടവരാണ്. പിച്ചിന്റെ സ്വഭാവം അനുസരിച്ചാണ് തീരുമാനമെടുക്കുക. ബാറ്റിങ് കൂടി പരിഗണിച്ചാണ് ഷര്‍ദൂലിനെ തെരഞ്ഞെടുത്തത്. അദ്ദേഹം ബാറ്റിങ്ങില്‍ കൂടുതല്‍ പിന്തുണ നല്‍കും. പിച്ച് പരിശോധിച്ചാലേ മറ്റ് കോമ്പിനേഷനുകള്‍ തീരുമാനിക്കാനാവൂ. ഷര്‍ദൂല്‍ ഇന്ത്യക്ക് വേണ്ടി നന്നായി കളിച്ചു,’ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേ മാംബ്രെ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ആദ്യമത്സരത്തില്‍ ഏഴ് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ഷര്‍ദുല്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു. ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ താരം മൂന്ന് റണ്‍സ് മാത്രം നേടി റണ്‍ ഔട്ടായിരുന്നു.
Content Highlight: Umran malik will not play the World Cup again; Bowling coach with answer