ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു താരമായിരുന്നു ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മികച്ച വേഗതയില്‍ പന്തെറിഞ്ഞുകൊണ്ടായിരുന്നു ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു താരം പന്തെറിഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് ഉമ്രാന്റെ പേര് ക്രിക്കറ്റില്‍ നിന്നും മെല്ലെ മെല്ലെ മങ്ങിത്തുടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടി മികച്ച പ്രകടനത്തോടെ താരം വരവറിയിച്ചെങ്കിലും ഈ ഫോം നിലനിര്‍ത്താന്‍ ഉമ്രാന്‍ സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെ ഓറഞ്ച് ആര്‍മിയുടെ പ്ലെയിങ് ഇലവനിലെ സ്ഥാനവും താരത്തിന് നഷ്ടമായി.
ഇപ്പോഴിതാ തന്റെ ബൗളിങ് പ്രകടനങ്ങളെ കുറിച്ചുള്ള ആത്മവിശ്വാസം പങ്കുവെച്ചിരിക്കുകയാണ് ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്രാന്‍.
‘ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ ന്യൂ ബോളില്‍ ധാരാളം ബോള്‍ എറിയാന്‍ ശ്രമിക്കും. കാരണം ഞാനെറിയുന്ന വേഗതകൊണ്ട് പന്തിന്റെ സ്വിങ്ങില്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് കുറച്ചു കാര്യങ്ങള്‍ പഠിക്കാനുണ്ട്. കളിക്കളത്തില്‍ എങ്ങനെയാണ് പ്ലാനുകള്‍ രൂപപ്പെടുത്തുകയെന്നും അത് കൃത്യമായി എങ്ങനെ നടപ്പിലാക്കാം എന്നീ കാര്യങ്ങള്‍ എനിക്ക് പഠിക്കണം.
മത്സരങ്ങളിലെ പല വെല്ലുവിളികളും നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കണം. ഞാനൊരു കളിയില്‍ ബോള്‍ ചെയ്യുമ്പോള്‍ എന്റെ പദ്ധതിയെ ഞങ്ങളുടെ ടീമിലെ എല്ലാവരും അഭിനന്ദിക്കണം. അവസരം ലഭിച്ചാല്‍ ഞാന്‍ ഓരോ ന്യൂ ബോളിലും യോര്‍ക്കറുകള്‍ ഏറിയാന്‍ ശ്രമിക്കും. ബാറ്റര്‍മാരെ ബോള്‍ കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
ഇപ്പോള്‍ പുതിയ ആഭ്യന്തര സീസണില്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒരു മികച്ച ബൗളറാകും. ഞാന്‍ അഞ്ച് രഞ്ജി മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അതില്‍ നിന്ന് എനിക്ക് എത്രത്തോളം നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ദുലീപ് ട്രോഫിയില്‍ കളിക്കാനും ഞാന്‍ കാത്തിരിക്കുന്നുണ്ട്. ഈ ടൂര്‍ണമെന്റില്‍ മുഴുവന്‍ സീസണും കളിക്കാന്‍ സാധിച്ചാല്‍ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഞാന്‍ റെഡ് ബോള്‍ കയ്യില്‍ എടുക്കാന്‍ ആഗ്രഹിക്കുന്നു,’ ഉമ്രാന്‍ മാലിക് പറഞ്ഞു.
2022ല്‍ ആയിരുന്നു ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 10 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരം 13 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 30.7 ആവറേജിലും 6.54 എക്കണോമിയിലുമാണ് താരം ബോള്‍ ചെയ്തത്.
കുട്ടി ക്രിക്കറ്റില്‍ എട്ട് തവണയാണ് ഉമ്രാന്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 11 വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു താരം അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 26 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളും ഉമ്രാന്‍ നേടിയിട്ടുണ്ട്. 2024 ഐ.പി.എല്ലില്‍ റണ്ണേഴ്‌സ് അപ്പായ ഹൈദരാബാദിനൊപ്പം ഒരു മത്സരത്തില്‍ മാത്രമാണ് ഉമ്രാന് കളിക്കാന്‍ സാധിച്ചത്.
Content Highlight: Umran Malik Talks About His Come Back of Cricket