Cricket
എന്റെ ടീമിനായി ഞാൻ മികച്ച പ്രകടനം നടത്തും: തിരിച്ചുവരവിനെക്കുറിച്ച് ഇന്ത്യൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 23, 08:55 am
Friday, 23rd August 2024, 2:25 pm

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു താരമായിരുന്നു ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച വേഗതയില്‍ പന്തെറിഞ്ഞു കൊണ്ടായിരുന്നു ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു താരം പന്തെറിഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് ഉമ്രാന്റെ പേര് ക്രിക്കറ്റില്‍ നിന്നും മെല്ലെ മെല്ലെ മങ്ങിത്തുടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടി മികച്ച പ്രകടനത്തോടെ താരം വരവറിയിച്ചെങ്കിലും ഈ ഫോം നിലനിര്‍ത്താന്‍ ഉമ്രാന്‍ സാധിച്ചിരുന്നില്ല. ഇതിനെല്ലാം പിന്നാലെ ഓറഞ്ച് ആര്‍മിയുടെ പ്ലെയിങ് ഇലവനിലെ സ്ഥാനവും താരത്തിന് നഷ്ടമായി.

ഇപ്പോള്‍ ഉമ്രാന്‍ മാലിക് ദുലീപ് ട്രോഫി കളിക്കാനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഉമ്രാന്‍.

‘എനിക്ക് സുഖം തോന്നുന്നു. ഇപ്പോള്‍ എന്‍.സി.എയില്‍ നടക്കുന്ന ദുലീപ് ട്രോഫിയിലാണ് ഞാന്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സീസണില്‍ എന്റെ ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഉമ്രാന്‍ മാലിക് എ.എന്‍.ഐയോട് പറഞ്ഞു.

2022ല്‍ ആയിരുന്നു ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദേശം 10 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരം 13 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 30.7 ആവറേജിലും 6.54 എക്കണോമിയിലുമാണ് താരം ബോള്‍ ചെയ്ത്.

കുട്ടി ക്രിക്കറ്റില്‍ എട്ട് തവണയാണ് ഉമ്രാന്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 11 വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു താരം അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കളിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 26 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളും ഉമ്രാന്‍ നേടിയിട്ടുണ്ട്.2024 ഐ.പി.എല്ലില്‍ റണ്ണേഴ്‌സ് അപ്പായ ഹൈദരാബാദിനൊപ്പം ഒരു മത്സരത്തില്‍ മാത്രമാണ് ഉമ്രാന് കളിക്കാന്‍ സാധിച്ചത്. ദുലീപ് ട്രോഫി ടൂര്‍ണമെന്റ് കളിച്ചുകൊണ്ട് നഷ്ടപ്പെട്ട ക്രിക്കറ്റിലെ തന്റെ പ്രതാപം തിരിച്ചുപിടിക്കാനായിരിക്കും താരം ലക്ഷ്യമിടുക.

 

Content Highlight: Umran Malik Talks About Duleep Trophy