| Monday, 2nd January 2023, 10:05 pm

അക്തറിന്റെ റെക്കോഡ് തകര്‍ക്കാന്‍ എനിക്ക് സാധിക്കും, എന്നാല്‍ എനിക്ക് അതല്ല വേണ്ടത്: ഉമ്രാന്‍ മാലിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 ഇന്ത്യക്ക് സമ്മാനിച്ചതില്‍ പ്രധാനിയാണ് ഉമ്രാന്‍ മാലിക്. തന്റെ വേഗതയാര്‍ന്ന ഡെലിവറികള്‍ കൊണ്ട് ബാറ്റര്‍മാരെ അടിമുടി വിറപ്പിച്ച ഉമ്രാന് കശ്മീരി എക്‌സ്പ്രസ് എന്ന വിളിപ്പേര് ലഭിക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നിരുന്നില്ല.

വേഗതയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസും വരുത്താത്ത ഉമ്രാന്‍ സ്ഥിരതയോടെ 150 കിലോമീറ്ററിന് മേല്‍ പന്തെറിയാന്‍ വിദഗ്ധനാണ്.

പേസിന്റെ കാര്യത്തില്‍ പാക് ലെജന്‍ഡ് ഷോയ്ബ് അക്തറിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഉമ്രാന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നേരത്തെ നെറ്റ്‌സില്‍ അക്തറിന്റെ ഫാസ്റ്റസ്റ്റ് ഡെലിവറിയെ മറികടന്നുകൊണ്ട് പന്തെറിഞ്ഞ ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തെയൊന്നാകെ അമ്പരപ്പിച്ചിരുന്നു.

2003 ലോകകപ്പിനിടെയാണ് അക്തര്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 161.3 കിലോമീറ്റര്‍ വേഗതയിലായിരുന്നു അക്തറിന്റെ ഹൈസ്പീഡ് ഡെലിവറി. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും താരത്തിന്റെ ആ റെക്കോഡിന് ഭീഷണിയുയര്‍ത്താന്‍ ഒരു ബൗളര്‍ക്കും സാധിച്ചിട്ടില്ല.

എന്നാല്‍ മികച്ച രീതിയില്‍ പന്തെറിയുകയും ഒപ്പം ഭാഗ്യവുമുണ്ടെങ്കില്‍ അക്തറിന്റെ റെക്കോഡ് തനിക്ക് തകര്‍ക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് ഉമ്രാന്‍ മാലിക്.

ന്യൂസ് 24നോടായിരുന്നു ഉമ്രാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ മികച്ച രീതിയില്‍ കളിക്കുകയാണെങ്കില്‍ എനിക്ക് ഭാഗ്യമുണ്ടെങ്കില്‍ ഷോയിബ് അക്തറിന്റെ വേഗതയേറിയ ഡെലിവറിയുടെ റെക്കോഡ് ഞാന്‍ തകര്‍ക്കും. എന്നാല്‍ ഞാന്‍ അതിനെ കുറിച്ചല്ല ചിന്തിക്കുന്നത്. എനിക്ക് ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി മികച്ച രീതിയില്‍ കളിക്കണം.

കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പന്തിന്റെ വേഗത എത്രയുണ്ടെന്ന് എനിക്ക് മനസിലാവാറില്ല. കളി കഴിഞ്ഞ ഡ്രസിങ് റൂമിലെത്തുമ്പോഴാണ് ഞാന്‍ ആ കാര്യം മനസിലാക്കുന്നത്. കളിക്കിടെ ടീമിന് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തുക എന്നത് മാത്രമാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്,’ ഉമ്രാന്‍ പറഞ്ഞു.

അതേസമയം, ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉമ്രാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പരയിലും ടി-20 പരമ്പരയിലും സ്ഥാനം നേടാന്‍ ഉമ്രാന് സാധിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിന് മുമ്പ് മികച്ച പ്രകടനം കാഴ്ചവെക്കാനും ലോകകപ്പ് ടീമില്‍ ഇടം നേടാനുമാകും ഉമ്രാന്‍ ശ്രമിക്കുന്നത്.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ,രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.

Content Highlight: Umran Malik says he can break Shoaib Akhtar’s record of fastest delivery

We use cookies to give you the best possible experience. Learn more