| Thursday, 2nd February 2023, 2:42 pm

ബെയ്ല്‍സ് ചെന്ന് വീണത് 30 വാര അകലെ, എജ്ജാദി ഏറാണ് ആ ചെങ്ങായി എറിയുന്നത്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 168 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 234 റണ്‍സിന്റെ വമ്പന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയും വണ്‍ ഡൗണ്‍ ബാറ്റര്‍ രാഹുല്‍ ത്രിപാഠിയുടെ വെടിക്കെട്ട് ഇന്നിങ്‌സുമാണ് ഇന്ത്യയെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്.

റണ്‍മല താണ്ടാന്‍ തുനിഞ്ഞിറങ്ങിയ കിവികളെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ പേസര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. കേവലം 12.1 ഓവറില്‍ 66 റണ്‍സിന് എതിരാളികളെ ഒന്നൊഴിയാതെ മടക്കുകയായിരുന്നു.

നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി ഹര്‍ദിക് തിളങ്ങിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ശിവം മാവിയും കശ്മീരി എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും ചര്‍ച്ചയാകുന്നത് ഉമ്രാന്റെ വന്യമായ വേഗത തന്നെയാണ്. ഡാരില്‍ മിച്ചലും മൈക്കല്‍ ബ്രേസ്വെല്ലുമായിരുന്നു ഉമ്രാന്റെ വേഗതയറിഞ്ഞത്.

മിച്ചലിനെ ശിവം മാവിയുടെ കൈകളിലെത്തിച്ച് ഉമ്രാന്‍ മടക്കിയപ്പോള്‍ ബ്രേസ്വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്. ബ്രേസ്വെല്ലിനെ പുറത്താക്കിയ ഈ ഡെലിവെറി തന്നെയാണ് ഉമ്രാനെ ചര്‍ച്ചകളിലേക്കുയര്‍ത്തിയതും.

150 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്ത് ബ്രേസ്വെല്ലിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഡെലിവെറിയുടെ പേസില്‍ ബെയ്ല്‍സ് പറന്നുപൊങ്ങിയിരുന്നു. അങ്ങനെ പൊങ്ങിയ ബെയ്ല്‍സാകട്ടെ ചെന്നുവീണത് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തും. പന്തെറിഞ്ഞ് വിക്കറ്റ് ഒടിക്കുന്ന പേസര്‍മാരില്‍ നിന്നും അല്‍പം വ്യത്യസ്തമായ ഒരു പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഉമ്രാന്‍ പുറത്തെടുത്തത്.

2.1 ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് ഉമ്രാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20യില്‍ വിജയിച്ചതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ നാലാം പരമ്പര നേട്ടമാണ് ഗുജറാത്തില്‍ പിറന്നത്. നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന – ടി-20 പരമ്പരകള്‍ വിജയിച്ച ഇന്ത്യ ന്യൂസിലാന്‍ഡിനോടും അതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെ, ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഒരു ടി-20 പരമ്പരയും തോറ്റിട്ടില്ല എന്ന സ്ട്രീക്ക് നിലനിര്‍ത്താന്‍ ഹര്‍ദിക്കിനും സ്വന്തം മണ്ണില്‍ ഏറെ കാലമായി പരമ്പര പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക്ക് നിലനിര്‍ത്താന്‍ ഇന്ത്യക്കും സാധിച്ചു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. നാല് ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം ഫെബ്രുവരി 10ന് നടക്കും.

Content Highlight: Umran Malik’s pace bowling is up for discussion

We use cookies to give you the best possible experience. Learn more