ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തില്‍ മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്. ഒന്നിന് പിറകെ ഒന്നായി തീ തുപ്പുന്ന പന്തുകളെറിഞ്ഞാണ് ഉമ്രാന്‍ ബംഗ്ലാ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്നത്.
നിലവില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ് വെറും 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. 2.50 മാത്രമാണ് നിലവില്‍ ഉമ്രാന്റെ എക്കോണമി. രണ്ട് മെയ്ഡിന്‍ ഉള്‍പ്പെടെയാണ് താരം ആറ് ഓവര്‍ പന്തെറിഞ്ഞിട്ടുള്ളത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ഇതില്‍ അപകടകാരിയായ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ പുറത്താക്കാനും ഉമ്രാന്‍ സാധിച്ചു.
151 കിലേമീറ്റര്‍ വേഗതയിലുള്ള പന്തെറിഞ്ഞാണ് താരം ഷാന്റോയെ മടക്കിയത്. കശ്മീരി എക്‌സ്പ്രസിന്റെ വന്യമായ വേഗതക്ക് മുന്നില്‍ ഉത്തരമില്ലാതെ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഷാന്റോക്ക് സാധിച്ചത്.
35 പന്തില്‍ നിന്നും 21 റണ്‍സ് നേടി നില്‍ക്കവെയാണ് ഉമ്രാന്‍ ഷാന്റോയെ പവലിയനിലേക്ക് തിരികെ പറഞ്ഞയക്കുന്നത്. താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയ ഉമ്രാന്റെ തകര്‍പ്പന്‍ ഡെലിവറിയില്‍ വിക്കറ്റ് വായുവില്‍ പമ്പരം പോലെ കറങ്ങുകയായിരുന്നു. ഉമ്രാന്റെ ബൗളിങ് കണ്ട ബംഗ്ലാ ആരാധകര്‍ക്ക് പോലും മൂക്കത്ത് വിരല്‍ വെച്ച് നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്.
അതേസമയം, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 149 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ആദ്യ മത്സരത്തില്‍ വിജയിച്ച അതേ ആവേശത്തില്‍ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഉറച്ചിറങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വന്മതില്‍ പണിയുകയായിരുന്നു.
A blazing first over followed by a wicket on the first ball of his second over.