ഏറെ പ്രതീക്ഷകളുമായി ഇന്ത്യന്‍ ടീമിലെത്തിയതാണ് ഉമ്രാന്‍ മാലിക്. ഐ.പി.എല്ലില്‍ തന്റെ പേസ് ബൗളുമായി എല്ലാവരേയും ഞെട്ടിച്ച താരമായിരുന്നു ഉമ്രാന്‍. ഇന്ത്യന്‍ ടീമിന്റെ ഭാവിയാണെന്നും അദ്ദേഹത്തെ നേരിടാന്‍ അന്താരാഷ്ട്ര താരങ്ങള്‍ വിയര്‍ക്കുമെന്ന തരത്തിലും ധാരാളം ബില്‍ഡപ്പുകള്‍ ഉമ്രാന് ലഭിച്ചിരുന്നു.
എന്നാല്‍ ഉമ്രാനും ഇന്ത്യന്‍ ആരാധകരും പ്രതീക്ഷിച്ചപോലെയൊന്നുമല്ലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര പ്രകടനങ്ങള്‍. ഇതുവരെ ഉമ്രാന് തന്റെ എക്‌സ്ട്രാ പേസ് വെച്ചുള്ള വിറപ്പിക്കലൊന്നും കാണിക്കാന്‍ സാധിച്ചില്ല.
ഐ.പി.എല്ലിന് ശേഷം ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ താരം ടീമിലുണ്ടായിരുന്നെങ്കിലും മത്സരത്തിന് ഇറങ്ങാന്‍ പറ്റിയില്ല. എന്നാല്‍ അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ അദ്ദേഹം ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് താരം എറിഞ്ഞത്. 14 റണ്‍സാണ് ആ ഓവറില്‍ ഉമ്രാന്‍ വിട്ടുകൊടുത്തത്. റണ്‍മഴ പെയ്ത രണ്ടാം മത്സരത്തില്‍ നാലോവറില്‍ ഒരു വിക്കറ്റ് മാത്രം നേടിക്കൊണ്ട് 42 റണ്‍സാണ് താരം വിട്ടുനല്‍കിയത്.
ഈ മത്സരത്തില്‍ ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം നടത്തിയപ്പോഴായിരുന്നു ഉമ്രാന്‍ ഇത്രയും റണ്‍സ് വഴങ്ങിയത് എന്നുള്ളതുകൊണ്ട് താരത്തിന് നേരേ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലായിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ട്വന്റി-20 മത്സരത്തില്‍ വീണ്ടും അവസരം ലഭിച്ച താരത്തിന് ആ അവസരവും ഉപയോഗിക്കാന്‍ സാധിച്ചില്ല. 56 റണ്‍സാണ് താരത്തിനെതിരെ ആ മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. എല്ലാ ബൗളര്‍മാരും അടി വാങ്ങിയെങ്കിലും ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത് ഉമ്രാനായിരുന്നു.
ഇതോടെ ഉമ്രാന് നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. അദ്ദേഹം ഓവര്‍ഹൈപ്ഡ് ആണെന്നും ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാനുള്ള സമയമായില്ലെന്നുമുള്ള ഒരുപാട് വാദങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു.
ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈ മാസം അവസാനം ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഇത്രയും ഹൈപ്പില്‍ വന്നിട്ട് പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാതെ ടീമില്‍ നിന്നും പുറത്താകാനാണ് ഉമ്രാന്റെ വിധി.
എന്നാല്‍ താരത്തിന് നല്ല ഭാവിയുണ്ടെന്നും ലോകകപ്പിനു മുമ്പ് അവസരങ്ങള്‍ കൊടുക്കുമെന്നും നായകന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു.
എന്തായാലും ലൈനും ലെങ്തുമില്ലാതെ പേസുകൊണ്ട് മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന ഉമ്രാന് മനസിലായികാണണം. ഉടനെ തന്നെ തന്റെ കഴിവ് ഇന്ത്യന്‍ ടീമിനെ തെളിയിക്കാനുള്ള പുറപ്പാടിലായിരിക്കും താരം.
അതേസമയം വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ നിന്നും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ഒഴിവാക്കിയിരുന്നു. താരത്തിന് റെസ്റ്റ് കൊടുത്തതാണെന്നാണ് ബി.സി.സി.ഐയുടെ വാദം.