| Wednesday, 8th June 2022, 8:39 am

കശ്മീര്‍ എക്‌സ്പ്രസ്; അക്തറിനെ മറികടന്ന് ഉമ്രാന്‍ മാലിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന റെക്കോഡ് ഇപ്പോഴും കൈക്കലാക്കി വെച്ചിരിക്കുന്നത് പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറാണ്. എന്നാല്‍ ഇന്ത്യക്കാരനായ ഉമ്രാന്‍ മാലിക്കിന് ആ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ആരാധകരുടെ പ്രതീക്ഷകള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. നെറ്റ്‌സില്‍ അക്തറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണ് ഉമ്രാന്‍. ദക്ഷിണാഫ്രിക്കക്കെതിരെ നാളെ ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പ്രാക്റ്റീസ് സെഷനിലാണ് ഉമ്രാന്‍ റെക്കോഡിട്ടത്.

2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അക്തര്‍ എറിഞ്ഞ 161.3 കിലോമീറ്ററില്‍ വരുന്ന പന്താണ് ക്രിക്കറ്റിലെ വേഗം കൂടിയ ബോള്‍. പിന്നീട് ഈ റെക്കോഡ് ആരും തകര്‍ത്തിട്ടില്ലായിരുന്നു. ഓസ്‌ട്രേലിയയുടെ ഷോണ്‍ ടെയ്‌റ്റൊക്കെ തകര്‍ക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും ടെയ്റ്റിന് അത് സാധിച്ചില്ല.

എന്നാല്‍ നെറ്റ്‌സില്‍ ഇന്നലെ ഉമ്രാന്‍ എറിഞ്ഞത് 163.7 എന്ന വേഗത്തിലായിരുന്നു. ഐ.പി.എല്ലില്‍ സ്ഥിരമായി 150ന് മുകളില്‍ പേസ് എറിയുന്ന ഉമ്രാന്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ അക്തറിനെ മറികടക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിശ്വസിക്കുന്നത്.

ഐ.പി.എല്ലില്‍ ഫാസ്റ്റസ്റ്റ് ഡെലിവറി ഓഫ് ദ മാച്ച് അവാര്‍ഡ് ഏറ്റവും കൂടുതല്‍ നേടിയത് ഉമ്രാനായിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാനായിരുന്നു എറിഞ്ഞത്.

ഐ.പി.എല്ലില്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ ഡെലിവറി 157 കിലോമീറ്ററായിരുന്നു. ഹൈദരാബാദിനായി താരം സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐ.പി.എല്ലില്‍ നടത്തിയ മികച്ച പ്രകടനമായിരുന്നു താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

നേരത്തെ അക്തറിന്റെ റെക്കോഡ് തകര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദൈവം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തകര്‍ക്കുമെന്നും അതിനുവേണ്ടി മാത്രം ഫോക്കസ് ചെയ്യുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ താരത്തിന്റെ ബൗളിംഗ് പ്രകടനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Content Highlights: Umran Malik broke Akthar’s record in nets

We use cookies to give you the best possible experience. Learn more