| Wednesday, 4th January 2023, 4:12 pm

കപിലും സഹീറും പത്താനും ബുംറയും എല്ലാം ഉണ്ടായിട്ടും ആ നേട്ടം ഇവന്റെ പേരില്‍; വാംഖഡെയില്‍ ചരിത്രമെഴുതി ഉമ്രാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമണ് ഉമ്രാന്‍ മാലിക് നടത്തിയത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഉമ്രാന്‍ വാംഖഡെയില്‍ തീ പാറിച്ചിരുന്നു.

തന്റെ വന്യമായ വേഗതയാല്‍ എതിരാളികളെ ഭയപ്പെടുത്തിയ ഉമ്രാന്‍ തന്നെയായിരുന്നു വാംഖഡെയിലെയും കാഴ്ച. ഒന്നിന് പിന്നാലെ ഒന്നായി തീ തുപ്പുന്ന പന്തുകളെറിഞ്ഞ് ഉമ്രാന്‍ ലങ്കന്‍ സിംഹങ്ങളെ വെള്ളം കുടിപ്പിച്ചു.

നാല് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ഉമ്രാന്‍ ഇന്ത്യന്‍ നിരയില്‍ തരംഗമായത്. 6.75 ആയിരുന്നു താരത്തിന്റെ എക്കോണമി.

ചരിത് അസലങ്കയെയും ക്യാപ്റ്റന്‍ ദാസുന്‍ ഷണകയെയുമാണ് ഉമ്രാന്‍ മടക്കിയത്. ശ്രീലങ്കയെ വിജയത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്ന ഷണകയുടെ വിക്കറ്റ് വീഴ്ത്തിയ ഉമ്രാനാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരച്ചുകൊണ്ടുവന്നത്.

ബൗണ്ടറി ലക്ഷ്യമാക്കി ഷോട്ട് കളിച്ച ഷണകയെ ചഹലിന്റെ കൈകളിലെത്തിച്ചാണ് ഉമ്രാന്‍ മടക്കിയത്.

ഇന്ത്യയുടെ വിജയത്തില്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിലേക്ക് കൂടിയായിരുന്നു ഉമ്രാന്‍ കഴിഞ്ഞ മത്സരത്തിലൂടെ കാലെടുത്ത് വെച്ചത്. ഷണകയെ പുറത്താക്കിയ പന്തായിരുന്നു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ റെക്കോഡിലെത്തിച്ചത്.

ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ പന്ത് എന്ന റെക്കോഡാണ് കശ്മീരി എക്‌സ്പ്രസ് സ്വന്തമാക്കിയത്. 155 കിലോമീറ്ററായിരുന്നു ആ പന്തിന്റെ വേഗത. മത്സരത്തിലെ ഏറ്റവും വേഗമേറിയ പന്തും അതുതന്നെയായിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് ഉമ്രാന്‍ മറികടന്നത്. 2018ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജസ്പ്രീത് ബുംറ 153.36 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു. ഈ റെക്കോഡാണ് ഉമ്രാന്‍ മാലിക് മറികടന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ വാംഖഡെയെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ വിജയം.

മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരുടെ കരുത്തില്‍ 162 റണ്‍സിന്റെ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 160 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ജനുവരി അഞ്ചിനാണ് പരമ്പരയിലെ രണ്ടാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Umran Malik bowls fastest delivery by an Indian

We use cookies to give you the best possible experience. Learn more