ഹാട്രിക് 150, തീ തുപ്പി ഉമ്രാന്‍; ഏറ് കിട്ടിയത് ലങ്കക്കാണെങ്കിലും നെഞ്ചിടിപ്പ് പാക് ആരാധകര്‍ക്കാണ്
Sports News
ഹാട്രിക് 150, തീ തുപ്പി ഉമ്രാന്‍; ഏറ് കിട്ടിയത് ലങ്കക്കാണെങ്കിലും നെഞ്ചിടിപ്പ് പാക് ആരാധകര്‍ക്കാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th January 2023, 9:25 am

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ തരംഗമായി ഉമ്രാന്‍ മാലിക്. പേസ് ബൗളിങ്ങിന്റെ മാന്ത്രികത ഒരിക്കല്‍ക്കൂടി പുറത്തെടുത്താണ് ഉമ്രാന്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയത്.

ഒന്നിന് പിന്നാലെ ഒന്നായി എത്തുന്ന തീയുണ്ടകള്‍ക്ക് ലങ്കന്‍ ബാറ്റര്‍മാരുടെ പക്കല്‍ മറുപടിയില്ലായിരുന്നു.

നേരത്തെ നടന്ന ടി-20 പരമ്പരയില്‍ അന്താരാഷ്ട്ര മത്സരങ്ങിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഡെലിവറിയെറിഞ്ഞുകൊണ്ടായിരുന്നു ഉമ്രാന്‍ ആരാധകരെ ഞെട്ടിച്ചത്. ജസ്പ്രീത് ബുംറയുടെ പേരിലുണ്ടായിരുന്ന 153 കിലോമീറ്ററിന്റെ റെക്കോഡാണ് ഉമ്രാന്‍ തകര്‍ത്തത്. 155+ ആയിരുന്നു ഉമ്രാന്റെ വേഗത.

എന്നാല്‍, ഏകദിന പരമ്പരയിലേക്കെത്തിയപ്പോള്‍ സ്വന്തം റെക്കോഡും ഉമ്രാന്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്. 156 കിലോമീറ്റര്‍ വേഗത്തിലുള്ള പന്തുമായിട്ടായിരുന്നു ഉമ്രാന്‍ ലങ്കന്‍ ബാറ്റര്‍മാരെയും ഇന്ത്യന്‍ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.

ലങ്കന്‍ ഇന്നിങ്‌സിന്റെ 14ാം ഓവറിലായിരുന്നു ഉമ്രാന്‍ 156 കിലോമീറ്റര്‍ വേഗതയുള്ള പന്തെറിഞ്ഞത്. ആ ഓവറില്‍ തന്നെ 150 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള രണ്ട് ഡെലിവറി കൂടി ഉമ്രാന്‍ എറിഞ്ഞിരുന്നു.

147, 151, 151, 156, 146, 145 എന്നിങ്ങനെയായിരുന്നു 14ാം ഓവറില്‍ ഉമ്രാന്റെ വേഗത.

ഇതോടെ മറ്റൊരു റെക്കോഡ് കൂടി ഉമ്രാന്റെ പേരിലായിരിക്കുകയാണ്. ടി-20യിലും ഏകദിനത്തിലും ഐ.പി.എല്ലിലും ഏറ്റവും വേഗതയേറിയ പന്തിനുടമയായ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഉമ്രാന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുള്ളത്.

ടി-20 – 155 കിലോമീറ്റര്‍, ഏകദിനം – 156 കിലോമീറ്റര്‍, ഐ.പി.എല്‍ – 157 കിലോമീറ്റര്‍ എന്നിങ്ങനെയാണ് താരത്തിന്റെ റെക്കോഡ് പ്രകടനങ്ങള്‍.

ഉമ്രാന്‍ ഇതേ രീതിയില്‍ തന്നെ പന്തെറിയുകയാണെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറ്റവും വേഗതയേറിയ ഡെലിവറിയുടെ റെക്കോഡ് അക്തറിനെ മറികടന്ന് ഉമ്രാന്‍ സ്വന്തമാക്കുമോ എന്ന ആശങ്കയിലാണ് പാക് ആരാധകര്‍. നേരത്തെ നെറ്റ്‌സില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

ഉമ്രാന്‍ തന്റെ റെക്കോഡ് തകര്‍ക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളതെന്നാണ് അക്തര്‍ നേരത്തെ പറഞ്ഞിരുന്നത്.

‘അവന്‍ എന്റെ റെക്കോഡ് തകര്‍ക്കുകയാണെങ്കില്‍ ഞാന്‍ ഏറെ സന്തോഷവാനായിരിക്കും. ആ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നതിനിടെ അവന്‍ അപകടമൊന്നും വരുത്തിവെക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫിറ്റായി തുടരാനാണ് എന്റെ ഉപദേശം,’ എന്നായിരുന്നു അക്തറിന്റെ പറഞ്ഞിരുന്നത്.

കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റും ഉമ്രാന്‍ സ്വന്തമാക്കിയിരുന്നു. എട്ട് ഓവറില്‍ 57 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണറായ പാതും നിസങ്ക, ചരിത് അസലങ്ക, ദുനിത് വെല്ലലാഗെ എന്നിവരെയായിരുന്നു ഉമ്രാന്‍ മടക്കിയയച്ചത്.

 

Content Highlight: Umran Malik bowled fastest delivery by an Indian in ODI format