ഇന്ത്യ-അയര്‍ലന്‍ഡ് ടി-20 പരമ്പരക്ക് ഇന്ന് തുടക്കമാകും. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനായി പോയതിനാല്‍ യുവ നിരയുമായാണ് ഇന്ത്യ കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക.
അയര്‍ലന്‍ഡിനെതിരെ വിജയകരമായ ഒരു പരമ്പരക്കായിരിക്കും ഹര്‍ദിക് ശ്രമിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ അടുത്തിടെ സമാപിച്ച പരമ്പരയില്‍ ടീമിലിടം ലഭിക്കാതിരുന്ന ചില യുവ താരങ്ങള്‍ക്ക് ഈ പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ.പി.എല്ലില്‍ തന്റെ പേസ് കൊണ്ട് ഞെട്ടിച്ച ഉമ്രാന്‍ മാലിക്കിനും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയ രാഹുല്‍ ത്രിപാഠിക്കും അവസരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനോടൊപ്പം മികച്ച ഇലവന്‍ ഇറക്കാനും ശ്രമിക്കുമെന്ന് ഹര്‍ദിക് വ്യക്തമാക്കിയിരുന്നു.
‘ഞങ്ങള്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞങ്ങളുടെ മികച്ച ഇലവന്‍ തന്നെ ഇറക്കാന്‍ തന്നെയാണ് പ്ലാന്‍. രണ്ട് താരങ്ങള്‍ക്ക് ഡെബ്യുട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകും. എന്നാല്‍ എന്തിനേക്കാളും വലുതായിട്ട് ഞങ്ങള്‍ക്ക് മികച്ച ഇലവന്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്,’ ഹര്‍ദിക് പറഞ്ഞു.
മത്സരത്തിന് മുമ്പുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു താരം സംസാരിച്ചത്. 2022 ഐ.പി.എല്‍ സീസണില്‍ പുതിയ ടീമായ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഇപ്പോഴും താരത്തിന്റെ ക്യാപ്റ്റന്‍സിയെ സംശയിക്കുന്നവരുണ്ട്. അവര്‍ക്കുള്ള മറുപടിയായിരിക്കുമോ ഈ പരമ്പര എന്ന ചോദ്യത്തിന് താന്‍ ആരേയും ഒന്നും തെളിയിക്കാനല്ല ടീമിനെ നയിക്കുന്നതെന്നായിരുന്നു ഹര്‍ദിക്കിന്റെ മറുപടി.
‘ഞാന്‍ ആരോടും ഒന്നും കാണിക്കാനല്ല ടീമിനെ നയിക്കുന്നത്. ഇന്ത്യയെ നയിക്കാന്‍ എനിക്ക് ഒരു അവസരം ലഭിച്ചു, അത് തന്നെ എനിക്ക് വലിയ കാര്യമാണ്. ആരോടും ഒന്നും തെളിയിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഈ ഗെയിം കളിക്കുന്നത്. കാണിക്കാനുള്ളതൊക്കെ ഞാന്‍ കാണിച്ചു എന്നാണ് വിശ്വസിക്കുന്നത്. എല്ലാത്തിലുമുപരി ഈ പരമ്പരയില്‍ എനിക്ക് എന്ത് കൊണ്ടുവരാന്‍ കഴിയും എന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡിലെ ദ വില്ലേജ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 9ന് മത്സരം ആരംഭിക്കും.