ലണ്ടന്‍: ലോകകപ്പ് ഫൈനലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ത്രോ വഴി ലഭിച്ച ബൗണ്ടറിയടക്കം ആറ് റണ്‍സ് കൊടുത്ത അമ്പയര്‍മാരുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ അന്താരാഷ്ട്ര അമ്പയറും ക്രിക്കറ്റ് നിയമം രൂപീകരിക്കുന്ന സമിതിയിലെ അംഗവുമായ സൈമണ്‍ ടോഫല്‍ രംഗത്തെത്തി.
ആ തീരുമാനം യഥാര്‍ഥത്തില്‍ തെറ്റായിരുന്നുവെന്ന് ടോഫല്‍ തുറന്നടിച്ചു. എം.സി.സി നിയമം നടപ്പാക്കുന്നതില്‍ അമ്പയര്‍മാര്‍ എടുത്ത തീരുമാനത്തില്‍ വന്ന പിഴവാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനു ജയിക്കാന്‍ മൂന്നുപന്തില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തിലായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. ബെന്‍ സ്റ്റോക്‌സ് മിഡ് വിക്കറ്റിലേക്കു പായിച്ച പന്ത് മാര്‍ട്ടിന്‍ ഗുപ്ടിലാണ് ഫീല്‍ഡ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്ക് ത്രോ നല്‍കിയത്. രണ്ടാമത്തെ റണ്‍സ് പൂര്‍ത്തിയാക്കാനായി ക്രീസിലേക്ക് ഡൈവ് ചെയ്ത സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ത്തട്ടി അപ്രതീക്ഷിതമായി പന്ത് ബൗണ്ടറിയിലേക്കു പോവുകയായിരുന്നു.
ഫോറും ഓടിയെടുത്ത രണ്ട് റണ്‍സുമടക്കം ആറ് റണ്‍സാണ് അമ്പയര്‍മാര്‍ നല്‍കിയത്. എന്നാല്‍ എം.സി.സി നിയമ ഉപസമിതി അംഗമായ ടോഫല്‍ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ അഞ്ച് റണ്‍സ് മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്നാണ്.
ഐ.സി.സി അമ്പയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അഞ്ചുതവണ ലഭിച്ച അമ്പയറാണ് ടോഫല്‍. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അമ്പയര്‍മാരില്‍ ഒരാളെന്നു വരെ വിശേഷണം ലഭിച്ചയാളാണ് ടോഫല്‍. ഫോക്‌സ്‌പോര്‍ട്‌സ് ഡോട്ട് കോമിനോടായിരുന്നു ടോഫല്‍ ഇക്കാര്യം പറഞ്ഞത്.
ഒടുവില്‍ മത്സരം ടൈയാവുകയും വിജയിയെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ നിശ്ചയിക്കുകയുമായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറില്‍ മത്സരം ടൈയായപ്പോള്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറിയടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഈ വിജയപ്രഖ്യാപനത്തിനെതിരെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ നിയമം ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണം. സഡന്‍ ഡെത്ത് പോലെ സൂപ്പര്‍ ഓവറുകള്‍ തുടരുന്നതാണു നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബൗണ്ടറിക്കണക്കില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിലും നല്ലത് ട്രോഫി പങ്കുവെയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ നിയമം അംഗീകരിക്കാനാവില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം തന്നെയായ യുവ്രാജ് സിങ്ങിന്റെ അഭിപ്രായം. ന്യൂസിലന്‍ഡിന്റെ ഒപ്പമാണു തന്റെ ഹൃദയമെന്നും യുവി ട്വീറ്റ് ചെയ്തു. ഈ നിയമം മാറ്റേണ്ടതാണ് എന്നായിരുന്നു ഓസീസ് മുന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയുടെ അഭിപ്രായം.
ഇന്നലെ രാത്രിയില്‍ത്തന്നെ നിയമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. സൂപ്പര്‍ ഓവറില്‍ ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ വേണമെന്നാണ് കൂടുതല്‍പ്പേരുടെയും അഭിപ്രായം.