| Monday, 27th March 2023, 2:20 pm

മുംബൈയെ ജയിപ്പിക്കാൻ അമ്പയേഴ്സ് എന്തും ചെയ്യും; കിരീടം ചൂടിയതിന് പിന്നാലെ മുംബൈക്കെതിരെ ട്രോൾ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ വിമൻസ് പ്രീമിയർ ലീഗിൽ കിരീടം ചൂടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ മുംബൈ പുരുഷ ടീമിന്റെ ടൈറ്റിൽ ഹണ്ട് പാരമ്പര്യം, വനിതാ ടീമും ഏറ്റെടുത്തിരിക്കുകയാണ്.

ദൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞായിരുന്നു മുംബൈ ഇന്ത്യൻസ് വിമൻസ് പ്രീമിയർ ലീഗ് കിരീടം എടുത്തുയർത്തിയത്.
മുംബൈക്കായി ബാറ്റിങ്ങില്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ പന്ത് കൊണ്ട് ഇസി വോങ്ങും ഹെയ്‌ലി മാത്യൂസും പിന്തുണയേകി.

ആദ്യം ബാറ്റ് ചെയ്ത ദൽഹി മുന്നോട്ട് വെച്ച 132 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കവെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. നാറ്റ് സ്കൈവർ 60 റൺസെടുത്തും ഹർമൻ പ്രീത് 37 റൺസെടുത്തും മുംബൈ ബാറ്റിങ്‌ നിരയിൽ ഉറച്ചു നിന്നപ്പോൾ ടീമിന്റെ വിജയവും കിരീടമെന്ന സ്വപ്നവും സാക്ഷാത് കരിക്കപ്പെടുകയായിരുന്നു.

എന്നാൽ മുംബൈ കിരീടം ചൂടിയതിന് പിന്നാലെ ടീമിനെതിരെ വിമർശനങ്ങൾ ഉയർന്ന് വരികയാണ്. അമ്പയർമാരാണ് മുംബൈക്ക് കിരീടം നേടിക്കൊടുത്തതെന്നും

മത്സരത്തിൽ ഷെഫാലിയുടെ വിക്കറ്റ് യഥാർത്ഥത്തിൽ അനുവദിക്കപ്പെടേണ്ടതല്ലെന്നുമാണ് ആരാധകർ ഉയർത്തുന്ന പ്രധാന വാദം.
നാല് പന്തിൽ 11 റൺസെടുത്ത ഷെഫാലി വോങിന്റെ പന്തിൽ അമേലിയക്ക് ക്യാച്ച് നൽകിയാണ് പുറത്താക്കപ്പെട്ടത്.

എന്നാൽ ഷെഫാലി പുറത്താകാൻ കാരണമായ പന്തിന്റെ ഉയരം അനുവദനീയമായിരുന്നതിലും കൂടുതലായിരുന്നു എന്നാണ് ദൽഹിയുടെ ആരാധകർ വാദിച്ചത്. കൂടാതെ തേർഡ് അമ്പയറെയടക്കം മുംബൈ പണം നൽകി സ്വാധീനിച്ചാണ് ഈ വിജയം അവർ കരസ്ഥമാക്കിയതെന്നും ദൽഹി ആരാധകർ വാദിച്ചു.

അതേസമയം രാജ്യാന്തര മത്സരങ്ങൾക്ക് ഇടവേള നൽകികൊണ്ട് മാർച്ച് 31നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.

മെയ് 28 വരെയാണ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ നടത്തപ്പെടുന്നത്.

Content Highlights:Umpires can do anything for Mumbai Indians fans trolls mumbai indians

We use cookies to give you the best possible experience. Learn more