| Tuesday, 9th October 2012, 8:30 am

ക്രിക്കറ്റില്‍ വീണ്ടും കോഴ വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിക്കറ്റ് ലോകം വീണ്ടും കോഴ വിവാദത്തില്‍. ഇത്തവണ അമ്പയര്‍മാരാണ് കോഴ വിവാദത്തില്‍ കുടുങ്ങിയത്. ട്വന്റി-20 ലോകകപ്പിനിടയില്‍ മത്സരഫലം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാമെന്ന് ആറ് അമ്പയര്‍മാര്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.[]

ഇന്ത്യ ടിവിയാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നിവിടങ്ങളിലെ അമ്പയര്‍മാര്‍ ഒത്തുകളിക്ക് കൂട്ട് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നദീം ഗൗരി, അനീസ് സിദ്ദീഖി( പാക്കിസ്ഥാന്‍), നാദിര്‍ ഷാ(ബംഗ്ലാദേശ്), ജമിനി ദിശനായിക്, മൗറിസ് വിന്‍സ്റ്റണ്‍, സാഗര ഗാലാജ്( ശ്രീലങ്ക) എന്നിവര്‍ മത്സരങ്ങളുടെ വിവരങ്ങള്‍ കൈമാറാമെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ശ്രീലങ്കന്‍ അമ്പയറായ സാഗര ഗാലാജ് 50,000 രൂപ കൈക്കൂലി ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മദ്യത്തിന് വേണ്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ എന്തും ചെയ്യുമെന്ന് ജമിനി ദിശനായകും പറയുന്നുണ്ട്. പണം നല്‍കിയാല്‍ ഇന്ത്യക്ക് അനുകൂലമായി തീരുമാനമെടുക്കാമെന്ന് പാക്കിസ്ഥാന്‍ അമ്പയര്‍ അനീസ് സിദ്ദീഖി പറയുന്നതും വ്യക്തമാണ്.

സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഐ.സി.സി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് പാക്കിസ്ഥാന്‍ അമ്പയര്‍ രംഗത്തെത്തിയിട്ടുണ്ട്. ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ യാതൊരു സത്യവുമില്ലെന്നും താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെന്നുമാണ്  നദീം പറയുന്നത്.

We use cookies to give you the best possible experience. Learn more