കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് ലിമിറ്റഡ് ഓവര്‍ പരമ്പര ആരംഭിച്ചത്. ടീമിനൊപ്പം മടങ്ങിയെത്തിയ രോഹിത് ശര്‍മയും ഇംഗ്ലണ്ടിന്റെ സാരഥ്യമേറ്റെടുത്ത ജോസ് ബട്‌ലറും തമ്മിലുള്ള പോരാട്ടമാവും വൈറ്റ് ബോള്‍ പരമ്പരകള്‍.
ടി-20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു കഴിഞ്ഞ ദിവസം റോസ് ബൗളില്‍ നടന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്.
വെറ്ററന്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കായിരുന്നു ഇന്ത്യക്കായി വിക്കറ്റിന് പുറകിലെത്തിയത്. കീപ്പിങ്ങില്‍ താരം പരാജയമായിരുന്നുവെങ്കിലും ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
ഇംഗ്ലണ്ട് ഒഫീഷ്യല്‍ അലക്‌സ് വാര്‍ഫും മൈക്ക് ബേണ്‍സുമായിരുന്നു മത്സരം നിയന്ത്രിച്ചത്. 2018 മുതല്‍ വാര്‍ഫ് ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.
അലക്‌സ് വൊര്‍ഫും ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കുമായി 18 വര്‍ഷം മുമ്പേയുള്ള ഒരു ബന്ധമുണ്ട്. അത് എന്താണെന്നറിയുമോ?
2004 ഡിസംബര്‍ അഞ്ചിനായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ ഏകദിന ഡെബ്യൂ. ഇംഗ്ലണ്ടിനെതിരെയായിരുന്നു കാര്‍ത്തിക്കിന്റെ ഏകദിന അരങ്ങേറ്റം.
അന്ന് ഇംഗ്ലണ്ട് താരമായിരുന്ന വാര്‍ഫിനെ ക്യാച്ചെടുത്ത് പുറത്താക്കിയത് 19കാരനായ ദിനേഷ് കാര്‍ത്തിക്കായിരുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ രണ്ട് പേരും വ്യത്യസ്ത റോളിലാണ് ക്രിക്കറ്റ് ലോകത്ത് സജീവമാവുന്നത്.
ഇംഗ്ലണ്ടിനായി 13 ഏകദിനങ്ങള്‍ കളിച്ച വാര്‍ഫ് 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. കാര്‍ത്തിക്കിന്റെ മോശം വീക്കറ്റ് കീപ്പിങ്ങിനിടയിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് താരങ്ങളെ ഒന്നൊഴിയാതെ എറിഞ്ഞിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ നേരത്തെ മടങ്ങിയെങ്കിലും രോഹിത്തും ദീപക് ഹൂഡയും ഇന്ത്യയെ ട്രാക്കിലാക്കി പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് നടത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളിങ് നിര വരിഞ്ഞുമുറുക്കുകയായിരുന്നു. വെല്ലുവിളിയുമായെത്തിയ ക്യാപറ്റന്‍ ജോസ് ബട്‌ലര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോല്‍ തന്നെ ഇംഗ്ലീഷ് നിര അപകടം മണത്തു. തുടര്‍ന്ന വന്ന ബാറ്റര്‍മാര്‍ക്കും ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇംഗ്ലീഷ് പടയുടെ പോരാട്ടം 50 റണ്‍സകലെ അവസാനിച്ചു.
Content highlight: Umpire Alex Wharf was a part of England’s ODI team in Dinesh Karthik’s debut game in 2004