D' Election 2019
മതേതര ജനാധിപത്യ മുന്നണിയില്‍ സി.പി.ഐ.എമ്മിന്റെ പ്രസക്തി കുറയുന്നു; യു.പി.എ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്‌നം നിയമപരമായി തീര്‍ക്കും; ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 08, 07:15 am
Monday, 8th April 2019, 12:45 pm
കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും ഈ കാര്യത്തില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും സ്വീകരിച്ച നിലപാട് തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വയനാട്: യു.പി.എ അധികാരത്തിലെത്തിയാല്‍ ശബരിമല പ്രശ്‌നം നിയമപരമായി തീര്‍ക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മാനന്തവാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും ഈ കാര്യത്തില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും സ്വീകരിച്ച നിലപാട് തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ചുഴിയിലാണ് സി.പി.ഐ.എം എന്നും മതേതര ജനാധിപത്യ മുന്നണിയില്‍ സി.പി.ഐ.എമ്മിന്റെ പ്രസക്തി കുറയുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിന് കോണ്‍ഗ്രസ് ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ സഖ്യ സര്‍ക്കാരിന് സാധ്യതയുണ്ടെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ലെന്നും എങ്കിലും ഇടതുപക്ഷത്തോട് എന്തിന് മത്സരിക്കുന്നുവെന്നതിന് ഉത്തരമായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ നിലപാട് വ്യക്തിപരമായി തനിക്ക് തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു.