മണിയ്‌ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ജനങ്ങള്‍ കുറ്റപ്പെടുത്തും: ഉമ്മന്‍ചാണ്ടി
Kerala
മണിയ്‌ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ജനങ്ങള്‍ കുറ്റപ്പെടുത്തും: ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd June 2012, 10:37 am

കൊച്ചി: വിവാദപ്രസംഗം നടത്തിയ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ കേസെടുത്തില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മണിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ നേതാവിനെ ഞങ്ങള്‍ കൊന്നിട്ടുണ്ട്, ആളുകളെ ലിസ്റ്റിട്ട് കൊല്ലിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അതിനെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ ഇവിടെ ഒരു സര്‍ക്കാര്‍ എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമെന്ന് എം.എം.മണി പരസ്യമായി പ്രസ്താവന നടത്തിയതിനാലാണ് മണിയുടെ വീട്ടിലും ഓഫീസിലും നോട്ടീസ് പതിച്ചതെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വ്യ്ക്തമാക്കി. അത് അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അത്തരമൊരു പ്രസ്താവന നടത്തിയ ആളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുക എന്നത് നിയമപരമായ നടപടിയാണ്. കേസില്‍ തങ്ങള്‍ രാഷ്ട്രീയം നോക്കുന്നില്ല. പിണറായി വിജയനും എളമരം കരീമും പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് വിശദീകരണം നല്‍കലല്ല പോലീസിന്റെ ചുമതലയെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി.

ഒരാള്‍ക്കും യാതൊരു രാഷ്ട്രീയ പരിഗണനയും പോലീസ് നല്‍കില്ലെ ഡി.ജി.പി പറഞ്ഞു.