| Tuesday, 21st January 2014, 12:40 pm

പാമോലീന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം തന്റെ മനസ്സാക്ഷിക്കനുസരിച്ചെടുത്തത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പാമോലീന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം തന്റെ മനസാക്ഷിക്കനുസരിച്ച് എടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കേസില്‍ തന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അത് പ്രതിപക്ഷം മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ചമ്പല്‍ക്കൊള്ളക്കാരെ നാണിപ്പിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

പാമോലീന്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ് അനില്‍കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി നടപടി ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

പാമോലിന്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ല. കേസിലെ വിജിലന്‍സ് കോടതി നടപടി തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

കേസ് പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തൃശൂര്‍ കോടതിയാണ് തള്ളിയത്.

കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എം.എല്‍.എയും സമര്‍പ്പിച്ച ഹരജികളിലായിരുന്നു കോടതി ഉത്തരവ്.

കേസ് പിന്‍വലിക്കാന്‍ അനുവദിച്ചാല്‍ അത് പൊതു താല്‍പര്യത്തിനും സാമൂഹ്യനീതിക്കും വിരുദ്ധമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

We use cookies to give you the best possible experience. Learn more