പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചതു സര്‍ക്കാരല്ല: മുഖ്യമന്ത്രി
Daily News
പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചതു സര്‍ക്കാരല്ല: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2014, 9:55 am

umman-chandiതിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചാര്‍ജ് ഷീറ്റ് കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ കോടതിയാണ് കേസ് തീര്‍പ്പാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് ലഭിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അതിനുമുമ്പു തന്നെ കോടതി കേസ് തീര്‍പ്പാക്കി. കോടതി കേസ് തീര്‍പ്പാക്കിയ ഫയല്‍ നിങ്ങളെ കാണിക്കാം.” മുഖ്യമന്ത്രി പറഞ്ഞു.

കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത് താന്‍ തന്നെയാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തൊഗാഡിയയ്‌ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മാറാട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

2003ലെ മാറാട് സമാധാന ഉടമ്പടി പ്രകാരമായിരുന്നു ആ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ, ആഭ്യന്തര വകുപ്പുകള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ആ തീരുമാനം കൈക്കൊണ്ടത്. മാറാട് കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനിച്ചത്. പൊതുമുതല്‍ നശിപ്പിക്കുക, പോലീസിനു പരുക്കേല്‍പ്പിക്കുക, മൈക്കില്ലാതെ യോഗം നടത്തുക, പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയ കേസുകളാണ് പിന്‍വിലിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

2003 ല്‍ മാറാട് കലാപത്തെ തുടര്‍ന്ന് വിശ്വ ഹിന്ദു പരിഷതിന്റെ കോഴിക്കോട് നടത്തിയ പരിപാടിയില്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. അനുമതിയില്ലാതെ സംഘം ചേരുക, മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തുക എന്നീ കുറ്റങ്ങളില്‍ കസബ പോലീസാണ് കേസെടുത്തത്.