ആരാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാര്‍ത്തയെക്കുറിച്ച് എന്ത് ചര്‍ച്ച ചെയ്യാനാണ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട സാഹചര്യമെന്താണ്?
തുടര്‍ച്ചയായി അന്‍പത് വര്‍ഷമായി പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് ജയിച്ചു വരുന്ന ആളാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ റെക്കോര്‍ഡാണ് അത്.
അദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന്റെ അന്‍പതാം വാര്‍ഷികം കേരളീയ പൊതുസമൂഹം ഒന്നാകെയാണ് ആഘോഷിച്ചത്. ആ അനുമോദന ചടങ്ങില്‍ ഞാനാണ് അധ്യക്ഷത വഹിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന തരത്തില്‍ അങ്ങനെയൊരു പ്രസ്താവന എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല.
ഏതെങ്കിലും ഒരു സീറ്റിനെക്കുറിച്ചോ സീറ്റ് വിഭജനത്തെക്കുറിച്ചോ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്താറില്ല. ഞാനും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇവിടെ നിന്നും ദില്ലിക്ക് പോയി.
അവിടെ ആന്റണിയും കെസി വേണുഗോപാലും ചര്‍ച്ചകളുടെ ഭാഗമായി. ആ ചര്‍ച്ചയില്‍ ഒരിടത്ത് പോലും സീറ്റ് വിഭജനം ചര്‍ച്ചയായില്ല. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക, മത്സരിക്കുന്നവര്‍ ജയിച്ചു വരുന്നു എന്നുറപ്പാക്കുക ഇതാണ് ഹൈക്കമാന്‍ഡ് സാന്നിധ്യത്തില്‍ ചര്‍ച്ചയായ പ്രധാന കാര്യം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്കുമേല്‍ മണ്ഡലം മാറി മത്സരിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഉമ്മന്‍ ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിച്ച് മകന്‍ ചാണ്ടി ഉമ്മന് പുതുപ്പള്ളി നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ആജീവനാന്ത കാലം മണ്ഡലം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നുമായിരുന്നു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.