| Saturday, 20th March 2021, 11:30 am

ഉമ്മന്‍ ചാണ്ടിയുടെ മരുമകനും ട്വന്റി 20യില്‍; എറണാകുളത്ത് സെലിബ്രിറ്റി ട്വിസ്റ്റുകള്‍ അവതരിപ്പിച്ച് സാബു എം. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു. ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ പ്രവര്‍ത്തിക്കും.

ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മരിയയുടെ ഭര്‍ത്താണ് വര്‍ഗീസ് ജോര്‍ജ്. വിദേശത്ത് ജോലി നോക്കുകയായിരുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ജോലി രാജിവെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

ട്വന്റി 20യുടെ ഉപദേശക സമിതി ചെയര്‍മാനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. സിനിമാ നടന്‍ ലാലും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഉപദേശക സമിതിയില്‍ ലാല്‍ പ്രവര്‍ത്തിക്കും. യൂത്ത് വിംഗ്, സീനിയര്‍ സിറ്റിസണ്‍ വിംഗ്, വനിതാ വിംഗ് തുടങ്ങിയവ രൂപീകരിച്ച് പാര്‍ട്ടി വിപുലമാക്കാനാണ് ട്വന്റി 20 ശ്രമിക്കുന്നത്.

‘ ശബരിമല വിഷയം വന്നപ്പോള്‍ ഇവിടുത്തെ പ്രതിപക്ഷ നേതാവ് രാവിലെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി. ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ അതേ പാര്‍ട്ടിയിലെ മറ്റൊരു നേതാവ് വേറൊരു നിലപാട് വ്യക്തമാക്കി. വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ പാര്‍ട്ടിയിലെ മുന്‍ മുഖ്യമന്ത്രി വേറൊരു നിലപാട് വ്യക്തമാക്കി.

ഉച്ച കഴിഞ്ഞപ്പോള്‍ രാവിലെ അഭിപ്രായം പറഞ്ഞ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റി. ആള്‍തൂക്കം നോക്കിയായിരുന്നു നിലപാട് മാറ്റം. നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ആള്‍ക്കനം നോക്കി നിലപാട് വ്യക്തമാക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും തന്നെ സ്വന്തമായൊരു നിലപാടില്ല,” എന്നായിരുന്നു സാബു എം. ജേക്കബ് പറഞ്ഞത്.

ട്വന്റി 20 എറണാകുളം ജില്ലയില്‍ അഞ്ചു സീറ്റിലാണ് മത്സരിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്റി 20 തയ്യാറെടുക്കുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandi’s Son in law joins Twenty 20

We use cookies to give you the best possible experience. Learn more