തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ അദ്ദേഹം സമര്‍പ്പിച്ച സ്വത്തു വിവരങ്ങള്‍ക്കെതിരെയും വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ക്കെതിരെയുമായിരുന്നു ആരോപണം ഉയര്‍ന്നത്. അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിഷയത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.
2014-2015 വര്‍ഷത്തെ വാര്‍ഷിക വരുമാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്‍പ്പെടെ ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞു. 2014 ഏപ്രില്‍ ഒന്നിന് തനിക്ക് നികുതി വിധേയമായി 27410 രൂപ മാത്രമാണ് ശമ്പളമായി ലഭിച്ചതെന്ന്, അടിസ്ഥാന ശമ്പളം, അലവന്‍സ് തുക, തുടങ്ങിയവയുടെ കണക്കുകള്‍ നിരത്തി ഉമ്മന്‍ചാണ്ടി പറഞ്ഞു. നികുതി അടച്ചില്ല എന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എന്ന തരത്തില്‍ ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.
ആക്ഷേപം ഒന്ന്: 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.
ഉത്തരം: 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500, മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.
ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.
ഉത്തരം: മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.
ആക്ഷേപം മൂന്ന്: 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.
ഉത്തരം: 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Oommanchandi denies allegations against his income