തിരുവനന്തപുരം: പെട്രോൾ ,ഡീസൽ വില വർദ്ധനയിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റേയും വില സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നത്.
ഈ മാസം മാത്രം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായാണ് ഉയർന്നത്.
”അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന് 2020 ജനുവരിയില്‍ വില 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞപ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്,” ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നൽകിയിരുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വില ഈടാക്കിയാണ് ജനങ്ങളെ ഉപദ്രവിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ മൂന്നിരട്ടിയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 10 മടങ്ങായെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. വര്‍ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.