തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്കുമേല്‍ മണ്ഡലം മാറി മത്സരിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉമ്മന് ചാണ്ടി മണ്ഡലം മാറി മത്സരിക്കണമെന്നത് പരിഗണിക്കാവുന്ന നിര്‍ദേശമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാറ്റം ചലനമുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. പുതിയ നിര്‍ദേശത്തെ ഐ ഗ്രൂപ്പ് സ്വാഗതം ചെയ്തുവെന്നാണ് സൂചനകള്‍. എന്നാല്‍ മണ്ഡലം മാറി ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് പ്രതികരിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ച നിര്‍ദേശം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏതില്‍ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തെക്കന്‍ ജില്ലകളില്‍ അത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
അതേസമയം പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആജീവനാന്ത കാലം മണ്ഡലം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.