കണ്ണൂര്‍: ഇടതു നിരീക്ഷകനായ കെ.സി ഉമേഷ്ബാബു പ്രസംഗിക്കുന്നതിന്റെ പേരില്‍ യുക്തിവാദി സംഘം പയ്യന്നൂര്‍ വെള്ളൂര്‍ ആലിന്‍കീഴില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കെതിരെ സി.പി.ഐ.എം ജില്ലാ നേതൃത്വം. ഉമേഷ് ബാബുവിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നാണ് സി.പി.ഐ.എം ആവശ്യപ്പെട്ടത്. എന്നാല്‍ ഉമേഷ്ബാബുവിനെ ഒഴിവാക്കി പരിപാടി നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ച യുക്തിവാദം സംഘം പരിപാടി തന്നെ റദ്ദുചെയ്യുകയും ചെയ്തു.
കാലവസ്ഥ മോശമായതിനാല്‍ പരിപാടി മാറ്റിവെക്കുകയാണെന്നാണ് സംഘാടകര്‍ തന്നെ അറിയിച്ചതെന്നും എന്നാല്‍ പരിപാടി ഒഴിവാക്കിയതിന് പിന്നില്‍ സി.പി.ഐ.എം വിലക്കാണെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്നും ഉമേഷ്ബാബു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഇന്നലെ വൈകീട്ട് അഞ്ച് മണിക്കായിരുന്നു വെള്ളൂര്‍ ആലിന്‍കീഴില്‍ യുക്തിവാദിസംഘം വെള്ളൂര്‍ യൂണിറ്റ് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പരിപാടിയുടെയും നോട്ടീസ് ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ നടത്തിയ ശേഷമാണ് കാലവസ്ഥ മോശമാണെന്ന കാരണത്താല്‍ പരിപാടി മാറ്റുന്നതായി സംഘാടകര്‍ അറിയിച്ചതെന്ന് ഉമേഷ്ബാബു പറഞ്ഞു.
“നവോത്ഥാനത്തെക്കുറിച്ചും മറ്റും സംസാരിക്കുന്ന ഒരു യോഗമായിരുന്നു. അതിന്റെ ഭാരവാഹികള്‍ തന്നെ വിളിച്ച് ഏല്‍പ്പിച്ച് നോട്ടീസടിച്ചതാണ്. രണ്ടു ദിവസം മുന്നേ അവര്‍ വിളിച്ച് കാലവസ്ഥ മോശമാണെന്നും ഞങ്ങള്‍ ആ പരിപാടി മാറ്റിവെക്കുകയാണെന്നും പറയുകയായിരുന്നു”
” ശനിയാഴ്ച പരിപാടിയില്ലെന്ന് അവര്‍ വ്യക്തമാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ സുഹൃത്തുക്കളെ വിളിച്ച് താന്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റംഗമായിട്ടുള്ള വി നാരായണനും പാവൂര്‍ നാരായണന്‍ എന്നൊരാളും മറ്റൊരു വ്യക്തിയുമടങ്ങുന്ന സംഘം ഭാരവാഹികളെ വിളിച്ച് യാതൊരു കാരണവശാലും ഉമേഷ്ബാബുവിനെ ഇവിടെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും വേറെയാരെ വച്ച് പരിപാടി നടത്തുന്നതിനും തങ്ങള്‍ എതിരല്ലെന്നും പറയുകയായിരുന്നെന്നാണ്.”
ഉമേഷ്ബാബുവിനെ വച്ച് വെള്ളൂരില്‍ പ്രസംഗം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെങ്കില്‍ തങ്ങള്‍ പരിപാടി മൊത്തം ഒഴിവാക്കുകയാണെന്ന സംഘാടകരും പറഞ്ഞു. നിങ്ങള്‍ മറ്റുള്ളവരെ വച്ച് പരിപാടി നടത്തിക്കോയെന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ ഒരാളെ ഒഴിവാക്കി പരിപാടി നടത്താന്‍ കഴിയില്ലെന്നും പരിപാടി മൊത്തം ഒഴിവാക്കാം എന്നു പറഞ്ഞ് ക്യാന്‍സല്‍ ചെയ്യുകയാണ് ഉണ്ടായതെന്നാണ് താന്‍ അറിഞ്ഞതെന്നും” ഉമേഷ്ബാബു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യ അനുഭവമല്ലെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സി.പി.ഐ.എം ഫാസിസം എന്താണെന്ന് മനസ്സിലാക്കിയ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വര്‍ഷത്തെ പ്രസംഗ ജീവിതത്തില്‍ രണ്ടു തവണ താന്‍ പ്രസംഗിക്കുമ്പോള്‍ ബിജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്നും പരിപാടി തടഞ്ഞിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം സി.പി.ഐ.എം കേന്ദ്രങ്ങളില്‍ സ്ഥിതി അതല്ലെന്നും വ്യക്തമാക്കി.
You must read this കേന്ദ്രസഹായം വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സി.പി.ഐ.എം തന്നെയൊരിടത്തും പ്രസംഗിക്കാന്‍ വിടാറില്ലെന്നും കണ്ണൂര്‍ കോഴിക്കോട് തലശേരി ഭാഗങ്ങളില്‍ ഇതാണ് സ്ഥിതിയെന്നും തലശേരിയില്‍ ബലമായി പരിപാടി മാറ്റിവെച്ച മൂന്നനുഭവങ്ങള്‍ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കോഴിക്കോട് നഗരങ്ങളിലെ പരിസ്ഥിതി സംഘടനകളുടെ വേദിയില്‍ അല്ലാതെ എവിടെയും തന്നെ സി.പി.ഐ.എം പ്രസംഗിക്കാന്‍ വിടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.