2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച മെഗാ താരലേലത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഉമേഷ് യാദവിനെ ഒരു ഫ്രാഞ്ചൈസിയും തെരഞ്ഞെടുത്തില്ല. ഇത് തന്നെ ഞെട്ടിച്ചെന്നും വിഷമത്തിലാക്കിയെന്നും പറയുകയാണ് ഉമേഷ് യാദവ്. ഇന്‍സൈഡ് സ്പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു ഉമേഷ് യാദവ്.
‘ഞാന്‍ 15 വര്‍ഷമായി കളിക്കുന്നു, പക്ഷേ ഇത്തവണ ഐ.പി.എല്‍ കരാര്‍ ലഭിച്ചില്ല. ഇത് എന്നെ ഞെട്ടിച്ചു, എനിക്ക് വിഷമം തോന്നി. ഞാന്‍ എന്തിന് നുണ പറയണം? ഏകദേശം 150 ഐ.പി.എല്‍ ഗെയിമുകള്‍ കളിച്ചതിന് ശേഷം നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ഫ്രാഞ്ചൈസികളുടെ തെറ്റായിരിക്കില്ല, ലേലത്തില്‍ എന്റെ പേര് വൈകിയായിരിക്കാം. മാത്രമല്ല അവര്‍ക്ക് വേണ്ടത്ര പണവും ഉണ്ടായിരിക്കില്ല. ഞാന്‍ ഒരുപാട് നിരാശപ്പെട്ടു, അസ്വസ്ഥനുമാണ്. എനിക്ക് മാറ്റാന്‍ കഴിയുന്ന തീരുമാനങ്ങളല്ല ഒന്നും,’ ഉമേഷ് ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.
ഐ.പി.എല്ലില്‍ ഇതുവരെ 148 മത്സരത്തിലെ 147 ഇന്നിങ്‌സില്‍ നിന്ന് 144 വിക്കറ്റുകളാണ് താരം നേടിയത്. അതില്‍ 4/23 എന്ന മികച്ച ബൗളിങ് പ്രകടനവും താരം നടത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂര്‍, ദല്‍ഹി ക്യാപിറ്റല്‍സ്, ജി.ടി എന്നീ ഫ്രാഞ്ചൈസികള്‍ക്കൊപ്പമാണ് കളിച്ചത്.
ഐ.പി.എല്‍ 2024ല്‍ ഗുജറാത്ത് ടൈറ്റന്‍സ് 5.80 കോടി രൂപയ്ക്ക് വാങ്ങിയ 36കാരന്‍ സീസണില്‍ ടീമിന് വേണ്ടി ഏഴ് മത്സരങ്ങളില്‍ നിന്ന് 26.25 ശരാശരിയിലും 10 എക്കോണമിയിലും എട്ട് വിക്കറ്റാണ് വീഴ്ത്തിയത്.
Content Highlight: Umesh Yadav Talking About not getting picked Him in 2025 IPL auction