അവരറിഞ്ഞില്ല തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന്; വിമര്‍ശകരുടെ വായടപ്പിച്ച് ഉമേഷ് യാദവ്
IPL
അവരറിഞ്ഞില്ല തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന്; വിമര്‍ശകരുടെ വായടപ്പിച്ച് ഉമേഷ് യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd April 2022, 10:25 am

ഐ.പി.എല്ലില്‍ രണ്ടാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നേട്ടമുണ്ടാക്കിയാണ് ടീം മുന്നോട്ട് കുതിക്കുന്നത്.

കരീബിയന്‍ കരുത്തായ ആന്ദ്രേ റസലായിരുന്നു കഴിഞ്ഞ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കേവലം 31 പന്തില്‍ പുറത്താവാതെ നേടിയ 71 റണ്‍സായിരുന്നു കെ.കെ.ആറിന്റെ ജയം അനായാസമാക്കിയത്. വളരെ പതിഞ്ഞ രീതിയില്‍ തുടങ്ങി കാട്ടുതീ പോലെ ആളിക്കത്തിയായിരുന്നു റസല്‍ പഞ്ചാബ് ബൗളര്‍മാരെ ഇല്ലാതാക്കിയത്.

റസലിന്റെ പ്രകടനത്തിന് മുമ്പില്‍ ആരും അത്രകണ്ട് ആഘോഷിക്കാത്ത ഒരു പ്രകടനവും കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ പിറന്നിരുന്നു.

നാല് ഓവറില്‍ വെറും 23 റണ്‍സ് മാത്രം വിട്ടുനല്‍കി പഞ്ചാബിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ഉമേഷ് യാദവിന്റെ പ്രകടനമായിരുന്നു അത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ലിവിംഗ്സ്റ്റണ്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഉമേഷ് കടപുഴക്കി എറിഞ്ഞത്.

ഇത്തരത്തില്‍ എത്ര മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചാലും സെലക്ടര്‍മാരുടെ കണ്ണില്‍ എന്നും രണ്ടാം തരക്കാരനായിരുന്നു ഉമേഷ് യാദവ്. ഐ.പി.എല്ലിന്റെ പ്രാഥമികഘട്ടത്തില്‍ ഒരു ടീമും താരത്തെ സ്വന്തമാക്കിയിരുന്നില്ല. അവസാനമാണ് കെ.കെ.ആര്‍ ഉമേഷിനെ തങ്ങളുടെ ടീമിലെത്തിച്ചത്.

വിശ്വസിക്കുന്നവര്‍ക്ക് ചങ്ക് പറിച്ചു നല്‍കും എന്ന ലൈനായിരുന്നു പിന്നീട് ഉമേഷിന്റേത്. ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് ആയി തുടങ്ങി, മൂന്നാം മത്സരത്തിലെത്തി നില്‍ക്കുമ്പോള്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി തുടരുകയാണ് ഉമേഷ് യാദവ്.

മൂന്ന് മത്സരത്തില്‍ നിന്നും 8 വിക്കറ്റ് സ്വന്തമാക്കിയാണ് താരം പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനായിരിക്കുന്നത്. താരത്തിന്റെ പ്രകടനത്തിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

മികച്ച ഫോമില്‍ തുടരുമ്പോഴും ടീമില്‍ ഇടം ലഭിക്കാതെ എത്രയോ നാളുകള്‍ താരത്തിനുണ്ടായിരുന്നു. സഹതാരങ്ങള്‍ക്ക് വിശ്രമമനുവദിക്കുമ്പോഴോ പരിക്കേല്‍ക്കുമ്പോഴോ മാത്രമായിരുന്നു ഉമേഷിന് ഫസ്റ്റ് ഇലവനില്‍ കളിക്കാന്‍ സാധിച്ചിരുന്നത്.

ഒരര്‍ത്ഥത്തില്‍ ഐ.പി.എല്ലിലെ താരത്തിന്റെ പ്രകടനം ഒരു സ്റ്റേറ്റ്‌മെന്റ് കൂടിയാണ്. ഒരിക്കലും തന്നെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത് എന്ന് എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും സെലക്ടര്‍മാര്‍ക്കും ഒരുപോലെ നല്‍കുന്ന ഒരു പവര്‍ഫുള്‍ സ്റ്റേറ്റ്‌മെന്റ്.

Content Highlight: Umesh Yadav’s stunning performance for Kolkata Knight Riders