കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഉമേഷ് യാദവ്. നടന്നുകൊണ്ടിരിക്കുന്ന എസക്‌സ് – ഹാംഷെയര്‍ മത്സരത്തിലാണ് ഉമേഷ് യാദവ് ഏകദിനത്തെ വെല്ലുന്ന പ്രകടനം ടെസ്റ്റ് ഫോര്‍മാറ്റില്‍ പുറത്തെടുത്തത്.
നൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി അര്‍ധ സെഞ്ച്വറി തികച്ചാണ് ഉമേഷ് യാദവ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെയും കയ്യടികള്‍ ഒരുപോലെ നേടുന്നത്. 45 പന്തില്‍ നിന്നും നാല് സിക്‌സറും മൂന്ന് ഫോറും അടക്കം 51 റണ്‍സാണ് താരം നേടിയത്.
113.33 എന്ന സ്‌ട്രൈക്ക് റ്റേറിലാണ് താരം റണ്‍സ് നേടിയത്. മിനിമം അഞ്ച് പന്ത് നേരിട്ടവരെ കണക്കാക്കിയാല്‍ എസക്‌സ് നിരയിലെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണിത്. എസക്‌സ് നിരയിലെ നാലാമത് മികച്ച സ്‌കോറും ഒമ്പതാമനായി കളത്തിലിറങ്ങിയ യാദവിന്റേത് തന്നെ.
ഇതിനൊപ്പം എസക്‌സിന്റെ ആദ്യ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്നതും ഇന്ത്യന്‍ പേസറുടെ ബാറ്റില്‍ നിന്ന് തന്നെയായിരുന്നു.
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത എസക്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണറായ നിക് ബ്രൗണ്‍ 28 പന്തില്‍ മൂന്ന് റണ്‍സ് നേടി പുറത്തായപ്പോള്‍ മൂന്ന് പന്തില്‍ നിന്നും റണ്‍സൊന്നുമെടുക്കാതെ ഇതിഹാസ താരം അലിസ്റ്റര്‍ കുക്കും മടങ്ങി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡാന്‍ ലോറന്‍സിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ടോം വെസ്റ്റ്‌ലി സ്‌കോറിങ്ങിന് തുടക്കമിട്ടു. വെസ്റ്റ്‌ലി 50 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 36 റണ്‍സായിരുന്നു ലോറന്‍സ് നേടിയത്.
അര്‍ഹിച്ച സെഞ്ച്വറിക്ക് ഒറ്റ റണ്‍സകലെ കാലിടറി വീണ മാറ്റ് ക്രിച്ച്‌ലിയും സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം റോസിങ്ടണും ടീം സ്‌കോര്‍ പടുത്തുയര്‍ത്തി. 172 പന്തില്‍ നിന്നും 99 റണ്‍സുമായി മാറ്റ് ക്രിച്ച്‌ലി ലിയാം ഡോവ്‌സണ് വിക്കറ്റ് നല്‍കിയപ്പോള്‍ മുഹമ്മദ് അബ്ബാസാണ് റോസിങ്ടണെ മടക്കിയത്. 145 പന്തില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൈമണ്‍ ഹാര്‍മറും (90 പന്തില്‍ 62) സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
ടീം സ്‌കോര്‍ 447ല്‍ നില്‍ക്കവെയായിരുന്നു ഒമ്പതാം വിക്കറ്റായി ഉമേഷ് യാദവ് പുറത്തായത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഹാംഷെയറിനായി ലിയാം ഡോവ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് അബ്ബാസും ഫെലിക്‌സ് ഓര്‍ഗണും രണ്ട് വിക്കറ്റ് വീതം നേടി. കീത് ബാര്‍കര്‍ കൈല്‍ അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഹാംഷെയര്‍ ഏഴ് ഓവറില്‍ പത്ത് എന്ന നിലയിലാണ്. 22 പന്തില്‍ ആറ് റണ്‍സുമായി ടോബി ആല്‍ബെര്‍ട്ടും 20 പന്തില്‍ നാല് റണ്‍സുമായി ഫ്‌ളെച്ച മിഡല്‍ടണുമാണ് ക്രീസില്‍.
Content highlight: Umesh Yadav’s brilliant knock in County Championship