ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിവസം സ്പിന്നര്‍മാര്‍ക്കുള്ളതാണെങ്കില്‍ രണ്ടാം ദിവസം അത് ഉമേഷ് യാദവിന് മാത്രമുള്ളതായിരുന്നു.
മാത്യു കുന്‍മാനും നഥാന്‍ ലിയോണും രവീന്ദ്ര ജഡേജയും പൂണ്ടുവിളയാടിയ പിച്ചില്‍ ഉമേഷ് യാദവിന്റെ വണ്‍ മാന്‍ ഷോയായിരുന്നു രണ്ടാം ദിവസത്തെ കാഴ്ച.
വെറും അഞ്ച് ഓവര്‍ മാത്രം പന്തെറിഞ്ഞായിരുന്നു ഉമേഷ് യാദവ് ഓസീസ് നിരയിലെ മൂന്ന് വിക്കറ്റുകള്‍ പറിച്ചെറിഞ്ഞത്. വിട്ടുകൊടുത്തതാവട്ടെ വെറും 12 റണ്‍സും.
കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി തുടങ്ങിയ ഉമേഷ് യാദവ് മിച്ചല്‍ സ്റ്റാര്‍ക്കിനെയും ടോഡ് മര്‍ഫിയെയും പുറത്താക്കി വിക്കറ്റ് വേട്ട ആഘോഷമാക്കി. ഇതിന് പുറമെ ഇന്ത്യന്‍ മണ്ണില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം കൈവരിക്കാനും ഉമേഷ് യാദവിനായി.
ഉമേഷ് യാദവ് മാത്രമായിരുന്നില്ല, ആര്‍. അശ്വിനും രണ്ടാം ദിവസം കസറിയിരുന്നു. മൂന്ന് വിക്കറ്റാണ് അശ്വിനും സ്വന്തമാക്കിയത്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അലക്‌സ് കാരി, നഥാന്‍ ലിയോണ്‍ എന്നിവരാണ് അശ്വിന് മുമ്പില്‍ വീണത്.
156ന് നാല് എന്ന നിലയില്‍ രണ്ടാം ദിവസം ആരംഭിച്ച ഓസീസിന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിക്കുന്ന ആറ് വിക്കറ്റും നഷ്ടമായി. 197 റണ്‍സായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഓസീസ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്. രണ്ടാം ദിവസം ലഞ്ചിന് പിരിയും മുമ്പ് നാല് ഓവറില്‍ 13 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ 75 റണ്‍സിന് പുറകിലാണ് ഇന്ത്യ.
അഞ്ച് റണ്‍സുമായി രോഹിത് ശര്‍മയും നാല് റണ്‍സുമായി ഗില്ലുമാണ് ക്രീസില്‍.
Content Highlight: Umesh Yadav’s brilliant bowling in 3rd test