| Monday, 11th July 2022, 11:52 pm

'ഇനി അതേ വഴിയുള്ളു'; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ 'ഇംഗ്ലണ്ടുമായി കൈകോര്‍ത്ത്' ഉമേഷ് യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു പേസ് ബൗളര്‍ ഉമേഷ് യാദവ്. എന്നാല്‍ ഇന്ത്യയുടെ പുതിയ പ്ലാനുകളില്‍ താരം സ്ഥിരസാന്നിധ്യമല്ല. ടീമില്‍ തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഉമേഷിപ്പോള്‍.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ഭാഗമായി ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ കൗണ്ടിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍.

2022 ലെ ശേഷിക്കുന്ന കൗണ്ടി സീസണിലേക്കാണ് മിഡില്‍സെക്സ് ക്രിക്കറ്റ് ഉമേഷിനെ സൈന്‍ ചെയ്തത്. യാദവിന്റെ വിസ സ്വീകരിച്ചുവെന്നറിയുന്നത് വരെ ക്ലബ്ബ് താരത്തിന്റ ഉള്‍പ്പെടുത്തല്‍ പ്രഖ്യാപിക്കുന്നത് നേരത്തെ നിര്‍ത്തിവച്ചിരുന്നു. മര്‍ച്ചന്റ് ടെയ്ലേഴ്സ് സ്‌കൂളില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന വോര്‍സെസ്റ്റര്‍ഷയറിനെതിരായ മത്സരത്തിനുള്ള ടീമില്‍ അദ്ദേഹത്തെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഉമേഷ് ബാക്കിയുള്ള ഗെയിമുകളില്‍ മിഡില്‍സെക്സിനെ പ്രതിനിധീകരിക്കും.

തിങ്കളാഴ്ച രാവിലെ ക്ലബ്ബിന് ഉമേഷിനെ വിസയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതിനാല്‍ കരാര്‍ അന്തിമമായിട്ടുണ്ട്, യാദവ് ഇ.സി.ബിയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. അങ്ങനെ യാദവിനെ ഈ ആഴ്ചത്തെ മത്സരത്തിനുള്ള മിഡില്‍സെക്സ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മിഡില്‍സെക്സിന്റെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും സീസണിലെ ശേഷിക്കുന്ന റോയല്‍ ലണ്ടന്‍ കപ്പ് കാമ്പെയ്നുകളിലും ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്-എ മത്സരങ്ങളില്‍ ക്ലബ്ബിനായി കളിക്കാന്‍ യാദവ് യോഗ്യനാകും.

അന്താരാഷ്ട്ര മത്സരങ്ങളില്‍ യാദവ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. 34 കാരനായ സീമര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 134 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 52 ടെസ്റ്റുകളിലും 77 ഏകദിനങ്ങളിലും ഏഴ് അന്താരാഷ്ട്ര ടി20 മത്സരങ്ങളിലും നിന്ന് 273 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

മൂന്ന് ഗെയിം ഫോര്‍മാറ്റുകളിലുമായി അദ്ദേഹത്തിന്റെ കരിയറിലെ മൊത്തത്തിലുള്ള വിക്കറ്റ് നേട്ടം 650ന് മുകളിലാണ്. 2018 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 6/88 എന്നതായിരുന്നു ഇന്ത്യയ്ക്കായി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രകടനം.

Content Highlights: Umesh Yadav is Joining Middlesex in county championship

We use cookies to give you the best possible experience. Learn more