ഐ.പി.എല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റിന് വിജയം സ്വന്തമാക്കി. അഹമ്മദാബാദില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങാണ് പഞ്ചാബിനെ വിജയിപ്പിച്ചത്.
മത്സരത്തില്‍ ഗുജറാത്തിനു വേണ്ടി അസ്മത്തുള്ള ഒമര്‍സായി, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, മോഹിത് ശര്‍മ ദര്‍ശന്‍ നാല്‍കണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും ടീമിന് വേണ്ടി നേടിക്കൊടുത്തു. ഒരു വിക്കറ്റ് മാത്രമാണ് ഉമേഷ് നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തെതേടി വന്നത്. ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കെതിരെ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് ഉമേഷ് യാദവിന് സാധിച്ചത്.
ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കെതിരെ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്, എതിരാളി
ഉമേഷ് യാദവ് – 35* – പഞ്ചാബ് കിങ്‌സ്
ഡ്വെയ്ന്‍ ബ്രാവോ – 33 – മുംബൈ ഇന്ത്യന്‍സ്
മോഹിത് ശര്‍മ – 33 – മുംബൈ ഇന്ത്യന്‍സ്
സുനില്‍ നരേന്‍ – 33 – പഞ്ചാബ് കിങ്‌സ്
ഭുവനേശ്വര്‍ കുമാര്‍ – 32 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 48 പന്തില്‍ നാല് സിക്‌സറും ആറ് ഫോറും അടക്കം 89 റണ്‍സാണ് അടിച്ചെടുത്തത്. 155.42 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം പുറത്താകാതെ കളിച്ചത്. കെയ്ന്‍ വില്യംസണ്‍ 26 റണ്‍സിന് പുറത്തായപ്പോള്‍ 19 പന്തില്‍ നിന്ന് 6 ഫോര്‍ അടക്കം 33 റണ്‍സ് നേടി സായി സുദര്‍ശനും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഘട്ടത്തില്‍ രാഹുല്‍ തെവാത്തിയ എട്ടു പന്തില്‍ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
പഞ്ചാബിന് വേണ്ടി കഗീസോ റബാദ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ഹര്‍പ്രിത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
പഞ്ചാബിന് വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്ത ശശാങ്ക് സിങ്ങാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം പുറത്താകാതെ കളിക്കളത്തില്‍ അഴിഞ്ഞാടിയത്. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ അശുതോഷ് 17 പന്തില്‍ 31 റണ്‍സും നേടി വിജയത്തില്‍ എത്തിക്കുകയായിരുന്നു പഞ്ചാബിനെ.
Content highlight: Umesh Yadav In Record Achievement