ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിനു ഗുജറാത്ത് ടൈറ്റന്‍സിനുനെതിരെ 33 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഹോം ഗ്രൗണ്ടില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് എല്‍.എസ്.ജി നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 18.5 ഓവറില്‍ 130 റണ്‍സിന് തകരുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജിക്കുവേണ്ടി മാര്‍ക്കസ് സ്റ്റോയിനിസ് 43 പന്തില്‍ നിന്ന് രണ്ടു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 58 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 31 പന്തില്‍ 33 റണ്‍സും നിക്കോളാസ് പൂരന്‍ 22 പന്തില്‍ 32 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ജി.ടിക്കുവേണ്ടി ഉമേഷ് യാദവ് മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ദര്‍ശന്‍ നാല്‍ക്കണ്ടേയും രണ്ടു വിക്കറ്റുകള്‍ ടീമിന് നല്‍കി. റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.
ഉമേഷ് യാദവ് പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദത്തില്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് എതിരാളികള്‍ ടീം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ ആണ് നേടിയെങ്കിലും പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം എന്ന ബഹുമതിയും താരം സ്വന്തമാക്കിയിരിക്കുകയാണ്.
പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം, വിക്കറ്റുകള്‍
ഭുവനേശ്വര്‍ കുമാര്‍ -62
ദീപക് ചാഹര്‍ -57
ഉമേഷ് യാദവ് -56*
മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിനു വേണ്ടി 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഉയര്‍ന്ന സ്‌കോര്‍ നല്‍കിയത്. രാഹുല്‍ തെവാത്തിയ 25 പന്തില്‍ നിന്നും 30 റണ്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 19 റണ്‍സുമാണ് നേടിയത്.
എല്‍,.എസ്.ജിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് വിജയം എളുപ്പമാക്കിയത്. 3.5 ഓവര്‍ എറിഞ്ഞ യാഷ് താക്കൂര്‍ ഒരു മെയ്ഡന്‍ അടക്കം 30 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ ആണ് സ്വന്തമാക്കിയത്. 7.85 എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.
ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി കിടിലന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 2.75 ആണ് താരത്തിന്റെ ഇക്കണോമി. ഇരുവര്‍ക്കും പുറമേ രവി ബിഷ്ണോയ് നവീന്‍ ഉള്ഹക്ക് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Umesh Yadav In Record Achievement