| Sunday, 24th September 2023, 12:04 pm

ടെസ്റ്റില്‍ സ്‌ട്രൈക്ക് റേറ്റ് 400 😲🔥, പക്ഷേ നിരാശ; വീണ്ടും ഞെട്ടിക്കുന്നു, ഉമേഷ് യാദവ് ഈസ് നോട്ട് ഫിനിഷ്ഡ് 🔥

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ആരാധകരെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ് പേസര്‍ ഉമേഷ് യാദവ്. ബൗളിങ് മാത്രമല്ല ബാറ്റിങ്ങും തനിക്ക് വഴങ്ങുമെന്ന് പലകുറി തെളിയിച്ച ഉമേഷ് യാദവ് വാലറ്റത്ത് സ്‌കോര്‍ ഉയര്‍ത്തിയവരില്‍ പ്രധാനി കൂടിയായിരുന്നു.

ബാറ്റിങ്ങിലെ തന്റെ മാജിക് വീണ്ടും തെളിയിക്കുകയാണ് ഉമേഷ് യാദവ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നടന്ന എസക്‌സ് – ഹാംഷെയര്‍ മത്സരത്തിലാണ് ഉമേഷ് യാദവ് തന്റെ ബാറ്റിങ് കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ചത്.

ചെംസ്‌ഫോര്‍ഡിലെ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ തുടരെ തുടരെ സിക്‌സറടിച്ചുകൊണ്ടാണ് ഉമേഷ് യാദവ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ക്രീസിലെത്തിയ ആദ്യ പന്ത് തന്നെ സിക്‌സറടിച്ച ഉമേഷ് യാദവ് ഹാംഷെയര്‍ ബൗളര്‍ ലിയാം ഡോവ്‌സണെ രണ്ടാം പന്തിലും സിക്‌സറിന് തൂക്കിയിരുന്നു.

നേരിട്ട മൂന്നാം പന്തിലും സിക്‌സറിന് ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിന് സമീപത്ത് ജെയിംസ് വിന്‍സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മൂന്ന് പന്തില്‍ നിന്നും 400 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 12 റണ്‍സുമായാണ് ഉമേഷ് യാദവ് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഉമേഷ് യാദവ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന് വേണ്ടതെന്തോ അത് നല്‍കിയാണ് പുറത്തായത്.

ആദ്യ ഇന്നിങ്‌സില്‍ 45 പന്തില്‍ നിന്നും 113.33 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 51 റണ്‍സ് നേടിയാണ് യാദവ് പുറത്തായത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഉമേഷ് യാദവിന്റെ അര്‍ധ സെഞ്ച്വറിക്ക് പുറമെ ആദം റോസിങ്ടണിന്റെയും മാറ്റ് ക്രിച്ച്‌ലിയുടെയും സൈമണ്‍ ഹാര്‍മറിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 9/447 റണ്‍സാണ് എസക്‌സ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

ഹാംഷെയറിനെ 334 റണ്‍സിന് ഓള്‍ ഔട്ടാക്കിയ എസക്‌സ് ആദ്യ ഇന്നിങ്‌സില്‍ 113 റണ്‍സിന്റെ ലീഡും നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടത് എസക്‌സിന് തിരിച്ചടിയായി.

ഡാന്‍ ലോറന്‍സും ക്യാപ്റ്റന്‍ ടോം വെസ്റ്റ്‌ലിയും മാത്രമാണ് പിടിച്ചുനിന്നത്. ഒടുവില്‍ 153ന് എട്ട് എന്ന നിലയില്‍ നില്‍ക്കവെ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

267 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹാംഷെയര്‍ മൂന്ന് വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ലിയാം ഡോവ്‌സണിന്റെ സെഞ്ച്വറിയും ജെയിംസ് വിന്‍സിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഹാംഷെയറിന്റെ വിജയത്തില്‍ നിര്‍മായകമായത്.

ഡോവ്‌സണ്‍ 150 പന്തില്‍ നിന്നും 119 റണ്‍സടിച്ചപ്പോള്‍ ജെയിംസ് വിന്‍സ് 111 പന്തില്‍ നിന്നും 89 റണ്‍സ് നേടി പുറത്തായി.

ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ സറേക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് എസക്‌സ്. 13 മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയുമായി 193 പോയിന്റാണ് എസക്‌സിനുള്ളത്.

സെപ്റ്റംബര്‍ 26നാണ് എസക്‌സിന്റെ അടുത്ത മത്സരം. ദി കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍താംപ്ടണ്‍ഷെയറാണ് എതിരാളികള്‍.

Content Highlight: Umesh Yadav hits back to back sixes in County Championship

Latest Stories

We use cookies to give you the best possible experience. Learn more