|

ക്രീസിലെത്തി രണ്ടാം പന്തില്‍ 100 മീറ്റര്‍ സിക്‌സര്‍; ഉമേഷണ്ണാ നിങ്ങള്‍ പൊളിയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്‌സിന് വിരാമമായിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 133.5 ഓവറില്‍ 404ന് ഓള്‍ ഔട്ടായിരിക്കുകയാണ്. അവസാന വിക്കറ്റുകളില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറും ലോവര്‍ ഓര്‍ഡറും കത്തിക്കയറിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നത്.

രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രേയസ് അയ്യരെ നഷ്ടപ്പെട്ട ഇന്ത്യ തകര്‍ന്നടിയുമെന്ന് തോന്നിച്ചെങ്കിലും ആര്‍. അശ്വിന്‍ തന്റെ അനുഭവ സമ്പത്ത് പുറത്തെടുത്തതോടെ കളി മാറി. 113 പന്തില്‍ നിന്നും 58 റണ്‍സ് നേടിയാണ് അശ്വിന്‍ റണ്ണുയര്‍ത്തിയത്.

അശ്വിന് പുറമെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും തകര്‍ത്തടിച്ചിരുന്നു. 114 പന്തില്‍ നിന്നും 40 റണ്‍സ് നേടിയാണ് കുല്‍ദീപ് പുറത്തായത്. എട്ടാം വിക്കറ്റില്‍ 92 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്.

അര്‍ധ സെഞ്ച്വറി തികച്ച അശ്വിനെ പുറത്താക്കി മെഹിദി ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്. അശ്വിന് പുറത്തായ ശേഷം വെറ്ററന്‍ താരം ഉമേഷ് യാദവാണ് ഇന്ത്യക്കായി ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്തില്‍ ഉമേഷ് യാദവിന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശിനെ ഒന്നടങ്കം ഞെട്ടിച്ച ഒരു പടുകൂറ്റന്‍ സിക്‌സറാണ് രണ്ടാം പന്തില്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 100 മീറ്ററായിരുന്നു ആ സിക്‌സറിന്റെ ദൂരം.

മത്സരത്തില്‍ മറ്റൊരു സിക്‌സറും ഉമേഷ് യാദവ് സ്വന്തമാക്കിയിട്ടുണ്ട്. 10 പന്തില്‍ നിന്നും 15 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പ്രഹരമേറ്റിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ രണ്ട് ബംഗ്ലാ വിക്കറ്റുകളാണ് നിലംപൊത്തിയിരിക്കുന്നത്.

ഓപ്പണര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ ഗോള്‍ഡന്‍ ഡക്കാക്കി മുഹമ്മദ് സിറാജ് മടക്കിയപ്പോള്‍ മൂന്നാമന്‍ യാൈസിര്‍ അലിയെ നാല് റണ്‍സിന് ഉമേഷ് യാദവും പുറത്താക്കി.

Content highlight: Umesh Yadav hits a massive six in India vs Bangladesh 1st test

Video Stories