| Saturday, 2nd April 2022, 11:17 pm

എ.വി. ജോര്‍ജ് പറയുന്നത് പച്ചക്കള്ളം: പി.എസ്.സി വഴി സര്‍വീസില്‍ കയറിയ എന്നെ നീക്കം ചെയ്യാന്‍ അയാള്‍ക്ക് അധികാരമില്ല: ഉമേഷ് വള്ളിക്കുന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ വിരമിക്കുന്നതിന് മുമ്പ് ഐ.ജി എ.വി. ജോര്‍ജ് ഒപ്പുവെച്ചു എന്ന വാര്‍ത്തയോട് പ്രതികരിച്ച് ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്.

പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടിയ എന്നെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ എ.വി. ജോര്‍ജിന് യാതൊരു അധികാരവും ഇല്ലെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

പിരിച്ചുവിടല്‍ ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും അഥവാ, പിരിച്ചു വിട്ടാല്‍ അതിനെതിരെ കോടതിയെ സമീപിച്ച്  തിരിച്ചുവരാമെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

‘എന്നെ പിരിച്ചുവിടാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടു എന്ന് ആ റിട്ടയേഡ് പൊലീസുകാരന്‍ ചാനലുകളോട് ആവര്‍ത്തിച്ച് പറയുന്നത് പച്ചക്കള്ളമാണ്. അങ്ങനെ ഒരു ഓര്‍ഡര്‍ അയാള്‍ 31.3.22ന് ഒപ്പിട്ടുണ്ടെങ്കില്‍ അത് അന്ന് തന്നെ എനിക്ക് എത്തിച്ച് തന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടാവും. ഇന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് എന്നെ നിയോഗിക്കുമായിരുന്നില്ല,’ ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി.

അതേസമയം, വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനാണ് കമ്മീഷണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്.കാളിരാജ് മഹേഷ് കുമാറിനെതിരെ 2019ല്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഉമേഷിന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് മിഠായി തെരുവില്‍ നടന്ന അക്രമം തടയുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടു എന്നായിരുന്നു ഉമേഷിന്റ പോസ്റ്റ്.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ, രാവിലെ മുതല്‍ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുത്ത വിവിധ പരിപാടികളില്‍ ഡ്യൂട്ടിയിലായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ് വന്നതേയുള്ളു.
എന്നെ പിരിച്ചുവിടാനുള്ള ഓര്‍ഡര്‍ ഒപ്പിട്ടിട്ടാണ് താന്‍ റിട്ടയറായി പോയത് എന്ന് പഴയ കമ്മീഷണര്‍ ചാനലുകാരോട് അടിവരയിട്ടു പറയുന്നതും അത് ബ്രേക്കിംഗ് ന്യൂസ് ആയി ഓടുകയും ചെയ്യുന്നത് കണ്ടുകൊണ്ടാണ് രാവിലെ ഉണര്‍ന്നത്. ഉണര്‍ന്നതല്ല, സുഹൃത്തുക്കള്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.
ഡ്യൂട്ടിക്ക് പോകുന്നതിന് മുന്‍പു തന്നെ വന്ന ചാനലുകാരോടൊക്കെ മറുപടി പറഞ്ഞു.ചിലര്‍ക്ക് ബൈറ്റ് കൊടുത്തു.
കോളുകള്‍ തുടര്‍ച്ചയായി വന്നു. ഡ്യൂട്ടിയിലായതു കൊണ്ട് എല്ലാം അറ്റന്റ് ചെയ്യാനോ തിരിച്ചു വിളിക്കാനോ സാധിച്ചില്ല. ഫേസ്ബുക്കിലും വാട്‌സാപ്പിലും കയറി ശരിക്കും നോക്കാനൊ കഴിഞ്ഞിട്ടില്ല. വന്ന വാര്‍ത്തകളും കണ്ടിട്ടില്ല.
എല്ലാം രാത്രി ഉറക്കമൊഴിച്ചിരുന്ന് കാണും. അതിന് മുന്‍പ് തന്നെ ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും Hugs & kisses.
പിന്നെയും പിന്നെയും.
കേരള പൊലീസില്‍ മറ്റൊരു പൊലീസുകാരനും കിട്ടിയിട്ടുണ്ടാവില്ല ഇത്രയും സ്‌നേഹവും പിന്തുണയും. ഈ നിമിഷം ഞാന്‍ മരിച്ചു പോയാല്‍ പോലും അത് പൂര്‍ണസന്തോഷത്തോടെയും സംതൃപ്തിയോടെയും നിറഞ്ഞ മനസോടെയുമായിരിക്കും.

സംഭവത്തെക്കുറിച്ച് ഇതുവരെ മനസ്സിലായ കാര്യങ്ങള്‍ പറയാം:

1) എന്നെ പിരിച്ചുവിടാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടു എന്ന് ആ റിട്ടയേഡ് പൊലീസുകാരന്‍ ചാനലുകളോട് ആവര്‍ത്തിച്ച് പറയുന്നത് പച്ചക്കള്ളമാണ്. അങ്ങനെ ഒരു ഓര്‍ഡര്‍ അയാള്‍ 31.3.22ന് ഒപ്പിട്ടുണ്ടെങ്കില്‍ അത് അന്ന് തന്നെ എനിക്ക് എത്തിച്ച് തന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടാവും. ഇന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്ക് എന്നെ നിയോഗിക്കുമായിരുന്നില്ല.

2)പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടിയ എന്നെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ അയാള്‍ക്ക് യാതൊരു അധികാരവും ഇല്ല.

3) നിരവധി അച്ചടക്കനടപടി കളില്‍ ശിക്ഷിക്കപ്പെട്ടയാള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് എന്നെ പുറത്താക്കുനുള്ള പ്രോപ്പോസല്‍ സര്‍ക്കാരിന് നല്‍കാനാണ് ഇയാള്‍ക്ക് സാധിക്കുക. അങ്ങനെയൊരു പ്രൊപ്പോസല്‍ കൊടുത്തു എന്നും അത് അഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ് എന്നും അയാള്‍ ആഴ്ചകള്‍ക്ക് മുന്‍പേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. (ഹെല്‍മറ്റ്-HDFC അഴിമതികള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ സമയത്ത്). പിന്നെ ഇപ്പോള്‍ ഇയാളെന്ന് ഓര്‍ഡറിടാനാണ്?!(ഒന്നുകില്‍ അന്ന് പറഞ്ഞത് കള്ളം, അല്ലെങ്കില്‍ ഇന്ന് പറഞ്ഞത് കള്ളം)

4) ആതിരയ്ക്ക്ഫ്ലാറ്റ് എടുത്തുകൊടുത്തു, നിത്യസന്ദര്‍ശനം നടത്തി എന്നൊക്കെ പറഞ്ഞ് എന്നെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് അയാള്‍ ഉത്തരവിട്ട അന്വേഷണം വലിച്ചിഴച്ച്, തീരുമാനമെടുക്കാതെ, പിന്നീടെടുത്ത നടപടികളൊക്കെ അതിന്റെ വാലില്‍ കെട്ടി ‘ടിയാന്‍ സര്‍വീസില്‍ തുടരാന്‍ അനര്‍ഹനാണ്’ എന്ന് മൂന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ട് ഒരു സംയുക്ത വാക്കാലന്വേഷണത്തിന് ട്രാഫിക് എ.സി.പി രാജുസാറിനെ ഏല്‍പ്പിച്ചിരുന്നു ജൂണില്‍. അതിന്റെ റിപ്പോര്‍ട്ട് വാങ്ങി അതില്‍ എന്നെ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് സര്‍ക്കാരിലേക്ക് അയക്കാനായിരിക്കും അയാള്‍ ഉദ്യേശിച്ചത്. ആ ശിപാര്‍ശയോ, അതിന് മുന്‍പ് എനിക്ക് തരേണ്ടുന്ന കാരണം കാണിക്കല്‍ നോട്ടീസോ ആയിരിക്കണം അയാള്‍ ഒപ്പിട്ടത്. എന്നിട്ട് പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കുകയും.

5) ‘അയാള്‍ എന്തിന് കള്ളം പറയണം?’ എന്ന് ചോദിക്കുന്നവരുണ്ടാവാം. അയാള്‍ കള്ളമല്ലാതെ എന്തെങ്കിലും പറയുമോ എന്ന് ചോദിക്കുന്നരും. ആരാണ് കൂടുതലെന്ന് അറിയാന്‍ അയാളെ സംബന്ധിച്ച വാര്‍ത്തകളുടെ അടിയില്‍ വരുന്ന കമന്റുകള്‍ വായിച്ചാല്‍ മതിയാകും

ഇത്രയുമൊക്കെ ആലോചിക്കുമ്പോള്‍ പിരിച്ചുവിടല്‍ ഉണ്ടാവില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അഥവാ, പിരിച്ചു വിട്ടാല്‍ അതിനെതിരെ കോടതിയെ സമീപിച്ച് നമുക്ക് തിരിച്ചുവരാം. അതിനിടയിലെ ഇടവേള നമുക്ക് അടിച്ചു പൊളിക്കാം. ശരിക്കും പൊളിച്ചടുക്കാം.

(പിരിച്ച് വിടണമെന്ന് പറഞ്ഞ് സംയുക്ത വാക്കാലന്വേഷണം പ്രഖ്യാപിച്ച 2021 ജൂണില്‍ ഇട്ട പോസ്റ്റിലെ ഒരു ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിത്രത്തില്‍.)

CONTENT HIGHLIGHTS:  Umesh Vallikunnu, Senior Civil Police Officer, Farooq Station, responds to the news that IG A.V. George has signed Before retiring on his compulsory retirement order, 

We use cookies to give you the best possible experience. Learn more