ഏതെങ്കിലും സമ്പന്നനെയോ സ്വാധീനമുള്ളവനെയോ പിടിച്ചാല്‍ ഉടന്‍ മുകളില്‍ നിന്ന് വിളി വരും. അപ്പോള്‍ പിന്നെ ടാര്‍ഗറ്റ് തികക്കുന്നത് സാധാരണക്കാര്‍ക്ക്, മിക്കവാറും ഹെല്‍മെറ്റ് ഇല്ലാതെ ടൂ വീലര്‍ ഓടിച്ചു വരുന്നവര്‍ക്ക് പെറ്റി കേസ് കൊടുത്തു കൊണ്ടാണ്.
അതി തീവ്രമായ ലോക്ഡൗണ്‍ അസാമാന്യമായ പൗരബോധത്തോടെയും ക്ഷമയോടെയും വിജയിപ്പിച്ച ഒരു ജനതയാണ് നമ്മള്‍. ഒരിക്കലും തീരാത്ത കടക്കെണിയിലും ദുരിതത്തിലും പെട്ടു പോയിട്ടും സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളെ പൂര്‍ണമായും അംഗീകരിച്ച് വീടുകളില്‍ സ്വയം കെട്ടിയിട്ട മനുഷ്യര്‍. നാളെ- നാളെ എന്ന പ്രതീക്ഷയോടെ നിശബ്ദരായി കാത്തിരുന്ന സാധാരണക്കാര്‍.
റോഡുകളില്‍ സാധാരണജനങ്ങളുടെ സഞ്ചാരത്തെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട സാധാരണ പൊലീസുകാരന്‍ എന്ന നിലക്ക് ആ മനുഷ്യരെയും അവരുടെ അവസ്ഥകളെയും കൃത്യമായി അറിയാം. ഇന്ന് ആ മനുഷ്യര്‍ക്കും പൊലീസുകാര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതും അറിയാം.
അള മുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ ജോലിയില്ലാത്ത മനുഷ്യര്‍. വീടിനോ വാഹനത്തിനോ വ്യാപാരത്തിനോ വേണ്ടി പല തരത്തില്‍ ലോണുകളെടുത്തവരാണ് എല്ലാവരും. എല്ലാ തിരിച്ചടവുകളും മുടങ്ങിക്കിടക്കുന്നു. കച്ചവടവും തൊഴിലും മുടങ്ങിക്കിടക്കുന്നു. പച്ചക്കറി, പലചരക്ക്, ഇറച്ചി എന്നിവ വില്‍ക്കുന്നവരെ മാത്രമാണ് കോവിഡ് നിയന്ത്രണങ്ങള്‍ അധികം ബാധിക്കാത്തത്.
നിര്‍മ്മാണ മേഖലയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും സിമന്റിന്റെയൊക്കെ വില കുത്തനെ കൂടിയതിനാല്‍ വലിയ കെട്ടിടങ്ങളുടെ പണികളൊന്നും നടക്കുന്നില്ല. വീട്ടിലെ വീര്‍പ്പുമുട്ടലില്‍ നിന്നൊന്ന് പുറത്തിറങ്ങി ഇത്തിരി കാറ്റു കൊള്ളാന്‍ സ്വാതന്ത്ര്യമില്ല. പൊട്ടിയ ചെരുപ്പ് പോലും മാറ്റാനാകാതെ ഗതികെട്ട അവസ്ഥയാണ് പലയിടത്തും. (ചിലയിടത്തൊക്കെ കുറച്ചു മാറ്റം ഉണ്ടെങ്കിലും ഞാന്‍ ജോലി ചെയ്യുന്ന കടലുണ്ടി പഞ്ചായത്തും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളുമൊക്കെ എക്കാലത്തും ഡി കാറ്റഗറിയും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണും ഒക്കെയാണ്.) കടക്കെണിയില്‍ പെട്ട് ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന ആളുകളുണ്ട്.
അത്രത്തോളം ഗതികെട്ട അവസ്ഥയിലാണ് സാധാരണ മനുഷ്യര്‍ റോഡിലിറങ്ങുന്നത്. അപ്പോഴാണ് ചില പൊലീസുകാര്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ മാത്രം തിരഞ്ഞെടുത്ത് അവര്‍ക്കെതിരെ അധികാരത്തിന്റെ ബലത്തില്‍ കേസെടുത്തും കായികമായി ഉപദ്രവിച്ചും ഒതുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഒരു ഉന്നതനെയും തൊടാന്‍ ധൈര്യമില്ലാത്ത, വലിയ കാറുകള്‍ കണ്ടാല്‍ മുട്ട് വിറയ്ക്കുന്ന, ചീത്ത വിളിക്കുന്ന മേലാശാന്മാരെ ബാത്റൂമില്‍ പോയി പോലും തെറി വിളിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇത്തരം പരാക്രമങ്ങള്‍ കാണിക്കുക എന്ന് തോന്നുന്നു.
അത്തരക്കാര്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വെറുപ്പ് ഏറ്റുവാങ്ങേണ്ടത് റോഡില്‍ നില്‍ക്കുന്ന പൊലീസുകാരാണ്. ഉരുട്ടിക്കൊല പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സേനയൊന്നാകെ അതിന്റെ കുറ്റമേല്‍ക്കേണ്ടി വരുന്നു. പൊലീസ് വിരുദ്ധ ക്രിമിനല്‍ സ്വഭാവമുള്ള, സര്‍വീസില്‍ നെഗറ്റീവ് ഇമേജ് മാത്രമുള്ള ഉന്നത ഉദ്യോഗസ്ഥരെ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പൊലീസുകാരെ നയിക്കാന്‍ ഏല്‍പ്പിക്കരുത്.
കാലത്തിനൊപ്പം വളരാത്ത, വക്രബുദ്ധികളായ ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ ഇരുത്തുമ്പോള്‍ അയാള്‍ക്ക് വിധേയപ്പെട്ട് പണിയെടുക്കേണ്ടി വരുന്ന എല്ലാ ഉദ്യോഗസ്ഥരെയും അത് ബാധിക്കും. ജനങ്ങളോട് മോശമായി പെരുമാറുന്നവര്‍ സംരക്ഷിക്കപ്പെടുകയും ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി പണിയെടുക്കുന്നവര്‍ വേട്ടയാടപ്പെടുകയും ചെയ്യും.
ഇത്ര FIR വേണം, ഇത്ര പെറ്റി കേസ് വേണം എന്നൊക്കെ ടാര്‍ഗറ്റ് കൊടുക്കും എസ്.ഐ മുതല്‍ താഴോട്ടുള്ളവര്‍ക്ക്. അവരാകട്ടെ ആഴ്ചയില്‍ ഒരു ദിവസത്തെ ഓഫ് പോലും കിട്ടാതെ ഏഴു ദിവസവും പണിയെടുക്കേണ്ടി വരുന്നവര്‍. അഞ്ചോ പത്തോ ഇരുപതോ ക്രൈം കേസുകളുടെ CD ഫയലുകളുടെ ഭാരം ഓരോരുത്തരുടെയും തലയിലുണ്ടാവും. അവരില്‍ ചിലര്‍ക്കെങ്കിലും സംസ്‌കാര ശൂന്യരായ മേലുദ്യോഗസ്ഥരാവും ഉണ്ടാവുക. ആ മേലാളന്മാരുടെ ചീത്തവിളിയും കേട്ട് ടാര്‍ഗറ്റുമായി റോഡിലെത്തുന്ന പൊലീസുകാരില്‍ പലരും ആരെങ്കിലും ഒന്ന് തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായിരിക്കും.
ഏതെങ്കിലും സമ്പന്നനെയോ സ്വാധീനമുള്ളവനെയോ പിടിച്ചാല്‍ ഉടന്‍ മുകളില്‍ നിന്ന് വിളി വരും. അപ്പോള്‍ പിന്നെ ടാര്‍ഗറ്റ് തികക്കുന്നത് സാധാരണക്കാര്‍ക്ക്, മിക്കവാറും ഹെല്‍മെറ്റ് ഇല്ലാതെ ടൂ വീലര്‍ ഓടിച്ചു വരുന്നവര്‍ക്ക് പെറ്റി കേസ് കൊടുത്തു കൊണ്ടാണ്. അങ്ങനെ ദിവസേന ശരാശരി അന്‍പത് കേസ് പിടിക്കുന്ന ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 100 ദിവസം കൊണ്ട് പൊലീസിനെ വെറുക്കുന്ന 5000 പേരുണ്ടാകുന്നു.
പൊലീസുകാരുടെ പെരുമാറ്റം നന്നാക്കാനും സമ്മര്‍ദ്ദം കുറക്കാനും കുറുക്കു വഴികള്‍ തേടുന്നത് പലപ്പോഴും കാണാറുണ്ട്. യോഗ ചെയ്യുക എന്നതാണ് പതിവായി കണ്ടുവരുന്ന പോംവഴി. നിര്‍ബന്ധിത യോഗയൊക്കെ വരുമ്പോള്‍ അതിനുള്ള സമയം കൂടി കണ്ടെത്തേണ്ട സമ്മര്‍ദ്ദമാണ്
സാധാരണ പൊലീസുകാര്‍ക്കുണ്ടാകുക. പൊലീസ് സ്റ്റേഷനുകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അര്‍ഹതപ്പെട്ട ഡേ ഓഫ് കൃത്യമായി നല്‍കുകയും മേലുദ്യോഗസ്ഥര്‍ അന്തസ്സോടെ പെരുമാറുകയും ചെയ്താല്‍ തന്നെ പൊലീസുകാരുടെ സമ്മര്‍ദ്ദം കുറയും എന്നതാണ് വസ്തുത.
അര്‍ഹമായ അവധികള്‍ നിഷേധിക്കുന്നത് മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ പോലും അവധി ലഭിക്കണമെങ്കില്‍ പലയിടത്തും മേലുദ്യോഗസ്ഥനോട് യാചിക്കേണ്ട അവസ്ഥയുണ്ട്. അത്തരത്തിലുള്ള യാചനകളും മുട്ടിന് മുട്ടിന് നേരിടേണ്ടിവരുന്ന അച്ചടക്ക ഭീഷണിയും അതിജീവിച്ച് ജനങ്ങളോട് ഇടപെടുന്ന പൊലീസുകാരന്റെ പെരുമാറ്റം എങ്ങനെ മോശമാകാതിരിക്കും? നായാട്ട് എന്ന സിനിമയില്‍ നമ്മള്‍ കണ്ടത് പോലെ ഒരേ പൊലീസുകാരന്‍ തന്നെ വേട്ടപ്പട്ടിയും ഇരയുമാണ്.
വേട്ടപ്പട്ടിയായും ഇരയായും ഓടിക്കൊണ്ടേയിരിക്കുമ്പോഴും പക്ഷെ അയാള്‍ക്ക് പ്രിവിലേജുകളുണ്ട്. സര്‍ക്കാര്‍ ശമ്പളം എന്ന സുരക്ഷിതമായ തണലുണ്ട്. ഗതികേടിന്റെ അവസാനം പോയി തൂങ്ങിച്ചത്താല്‍ ലോകം മുഴുവന്‍ പരിഹസിച്ചേക്കാമെങ്കിലും മകനോ മകള്‍ക്കോ ഭാര്യക്കോ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന ആത്മധൈര്യമുണ്ട്. എന്നാല്‍ എല്ലാ വേട്ടകളും അവസാനം ചെന്നെത്തുന്ന സാധാരണ മനുഷ്യരുടെ സ്ഥിതി അതല്ല.
യാതൊരു പ്രിവിലേജുമില്ലാതെ, യാതൊരു പ്രതീക്ഷയുമില്ലാതെ എങ്ങനെയൊക്കെയോ ജീവിതം തള്ളിക്കൊണ്ടു പോകുന്നവരാണ്. അവര്‍ ആത്മഹത്യ ചെയ്താല്‍ പോലും 174 CrPC സെക്ഷനില്‍ ഒരു ക്രൈം കേസല്ലാതെ മറ്റൊന്നും ബാക്കിയാകില്ല. അധികാരം ആരെയും വേട്ടയാടാത്ത കാലം വരുമെന്ന് പ്രതീക്ഷയുമില്ല.
‘രാത്രി കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല. ഓരോ മനുഷ്യന്മാരുടെ മുഖം ഓര്‍മ്മ വരും’ ദിവസം ഇരുപതില്‍ കുറയാതെ പെറ്റിക്കേസ് പിടിക്കേണ്ട ദിവസങ്ങളിലൊന്നില്‍ റിട്ടയറാകാറായ ഒരു ഗ്രേഡ് എസ്.ഐ. പറഞ്ഞതാണ്. ‘ങ്ങക്ക് പ്രാന്തായിട്ടാ.. ങ്ങളീ പറയണത്രേം എണ്ണം പിടിച്ചു കൊടുക്കാന്‍ നിന്നിട്ടല്ലേ.’ എന്ന് പറഞ്ഞ് ടാര്‍ഗറ്റ് തികയാതെ ഗതികെട്ട എസ്.ഐ. നായാട്ടിനിറങ്ങുന്നു. ഗതികെട്ട് പുറത്തിറങ്ങുന്ന സാധാരണ മനുഷ്യര്‍ക്കിടയില്‍ ഇരകളെ തിരയുന്നു.