അലനും താഹയ്ക്കും ജാമ്യം നല്‍കിയ കോടതി ഉത്തരവ് വായിച്ചു, ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്
Kerala News
അലനും താഹയ്ക്കും ജാമ്യം നല്‍കിയ കോടതി ഉത്തരവ് വായിച്ചു, ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 8:10 pm

കോഴിക്കോട്: സുഹൃത്തായ യുവതിയ്ക്ക് താമസിക്കാന്‍ ഫ്‌ളാറ്റെടുത്തുകൊടുത്തു എന്നതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിന് കോടതിവിധി വായിച്ചതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ യു.എ.പി.എ ചുമത്തിയ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി. പൊലീസ് വകുപ്പിന് അവഹേളിക്കുന്ന തരത്തില്‍ നിരന്തരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും കാരണം കാണിക്കല്‍ മെമ്മോയില്‍ ഉണ്ട്.

ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസാണ് മെമ്മോ അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ ഉമേഷ് വള്ളിക്കുന്നിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പുറത്ത് വിട്ട ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ എ. വി ജോര്‍ജ് ഐ.പി.എസിനെതിരെയാണ് യുവതിയുടെ പരാതി.

യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നല്‍കിയത്.

യുവതിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്.

അമ്മ നല്‍കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എ.സി.പിക്കെതിരെ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥന്‍ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

’31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ളാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പൊലീസുകാരന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ’, അദ്ദേഹം പറഞ്ഞു.

കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാര്‍ അക്രമത്തില്‍ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനും അദ്ദേഹത്തിനെതിരെ നേരത്തെയും നടപടിയെടുത്തിരുന്നു.


Content Highlight: Umesh Vallikkunnu UAPA Alan Thaha