കോഴിക്കോട്: നിര്‍ബന്ധിത വിരമിക്കലിന് മുമ്പുള്ള കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. കാരണം കാണിക്കല്‍ നോട്ടീസാണ് ഓര്‍ഡറല്ല കിട്ടിയതെന്നും ഇത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ഉമേഷ് പറഞ്ഞു.
‘ഓര്‍ഡറില്‍ ഒപ്പിട്ടു എന്നൊക്കെ അയാള്‍ ചാനലുകളോട് ആവര്‍ത്തിച്ച് പറഞ്ഞ സംഗതി ഇന്ന് കൈപ്പറ്റി. കാരണം കാണിക്കല്‍ നോട്ടീസാണ്, ഓര്‍ഡര്‍ അല്ല, ത് രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അത് ആ റിട്ടയേഡ് ഓഫീസര്‍ക്ക് അറിയാത്തതുമല്ല. പക്ഷെ ഉള്ളിലിരുന്ന് അധികാരം നുരഞ്ഞു പൊങ്ങുന്ന ദുര നാവിന്‍ തുമ്പില്‍ തികട്ടിയെത്തുമ്പോള്‍ ഒരാള്‍ക്ക് അങ്ങനെയേ പറയാനാവൂ.
പറ്റുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് വായിച്ചു നോക്കൂ. 2020 സെപ്റ്റംബര്‍ മാസം അയാള്‍ ഇറക്കിയ നാലാംകിട സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ തുടര്‍ച്ചയാണിത്. കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും കേരള പൊലീസിന് തന്നെ അപമാനകരമാവുകയും ചെയ്ത ആ ഉത്തരവിലെ ദുഷിച്ച ദുരാചാരഗുണ്ടായിസം ഒന്നരക്കൊല്ലത്തിനിപ്പുറം വീണ്ടും എഴുതിപ്പിടിപ്പിക്കുകയാണ്. ആതിരയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞു കൊടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു. പക്ഷേ, ആശാന്‍ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്. വരത്തന്‍ എന്ന സിനിമയില്‍ നമ്മുടെ വിജിലേഷ് അഭിനയിച്ച കഥാപാത്രത്തെയാണ് ഓര്‍മ വരുന്നത്.
അതിനൊപ്പം, ആയാള്‍ തന്നെ സ്വീകരിച്ച മറ്റ് ശിക്ഷാ നടപടികളും മറ്റുള്ള സേനാംഗങ്ങളുടെ ധാര്‍മികതക്കും സല്‍സ്വഭാവത്തിനും ഭീഷണിയാവുന്നു എന്നതിനാല്‍ Compalsary retirement from service ഉത്തരവിടാന്‍ പുള്ളി തീരുമാനിച്ചതത്രേ. പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് നോട്ടീസ്. മറുപടി നമുക്ക് കൊടുക്കാം, പുതിയ കമ്മീഷണര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ. ബാക്കിയൊക്കെ വരും വഴി നോക്കാം. അത്രേയുള്ളു നമ്മളെ സംബന്ധിച്ചിടത്തോളം ഈ നോട്ടീസിനെ സംബന്ധിച്ച്,’ ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഉമേഷ് വള്ളിക്കുന്നിന് നല്‍കിയതെന്നാണ് സൂചന.
ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കുമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്.