ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാനും നടപടി ഏറ്റുവാങ്ങാനും കഴിഞ്ഞത് സര്‍വീസ് ജീവിതത്തിലെ ഉജ്ജ്വല അവസരം: ഉമേഷ് വള്ളിക്കുന്ന്
Kerala News
ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാനും നടപടി ഏറ്റുവാങ്ങാനും കഴിഞ്ഞത് സര്‍വീസ് ജീവിതത്തിലെ ഉജ്ജ്വല അവസരം: ഉമേഷ് വള്ളിക്കുന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 9:03 pm

കോഴിക്കോട്: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് നടപടി നേരിടേണ്ടിവന്നതില്‍ പ്രതികണവുമായി സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്ന്.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ഒപ്പം നില്‍ക്കാനും, അതിന് നടപടി ഏറ്റുവാങ്ങാനും കഴിഞ്ഞത് സര്‍വീസ് ജീവിതത്തിലെ ഉജ്ജ്വലമായ ഒരവസരമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്ഫര്‍ വിവരം വാര്‍ത്തകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മാധ്യമ വാര്‍ത്തകളില്‍ നിന്നും അറിഞ്ഞതാണെന്നും തനിക്ക് നേരിട്ട് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസുകാരനെ പത്തനംതിട്ടയിലേക്ക് തട്ടി!
അഭിമാനം. സന്തോഷം.?

പത്തനംതിട്ട ജില്ലയില്‍ ജോലിചെയ്യാന്‍ അവസരമൊരുക്കിത്തന്ന ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിനും എ.ഐ.ജി ഹരിശങ്കര്‍ സാറിനും നന്ദി രേഖപ്പെടുത്തുന്നു.

ട്രാന്‍സ്ഫര്‍ വിവരം വാര്‍ത്തകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും കണ്ടതാണ്. ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. സ്റ്റേഷനില്‍ എത്തിയിട്ടുമില്ല. സംഗതി കിട്ടിയിട്ട് പറയാം ഇനിയുള്ള വിശേഷങ്ങള്‍.
എന്നത്തെയും പോലെ, ‘മ്മക്ക് പൊളിക്കാം ഡിയേഴ്‌സ്,’ സ്ഥലംമാറ്റം സംബന്ദിച്ച വാര്‍ത്തകള്‍ പങ്കുവെച്ച് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ എഴുതി.

കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒ ആണ് ഉമേഷ് വള്ളിക്കുന്ന്. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് ഉമേഷിനെ സ്ഥലംമാറ്റിയത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ഉമേഷ് പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു.