കോഴിക്കോട്: കേരള പൊലീസിനെതിരെ ലേഖനമെഴുതിയെന്നാരോപിച്ച് ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെതിരെ അച്ചടക്ക നടപടി. ‘പ്രതിദിന ടാര്‍ഗറ്റുമായി പൊലീസുകാരെ റോട്ടിലേക്ക് വിടുന്ന സംവിധാനമാണ് പ്രതി,‘ എന്ന തലക്കെട്ടില്‍ ആഗസ്റ്റ് രണ്ടിന് ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് നടപടി.
പൊലീസിനെ പൊതുജനത്തിന് മുന്നില്‍ മോശമായി ചിത്രീകരിച്ചു എന്നതാണ് ഉമേഷിനെതിരായ നടപടിയ്ക്ക് കാരണമെന്ന് ഡി.ഐ.ജി എ.വി. ജോര്‍ജ് ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു. പൊലീസുദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട അച്ചടക്കം ഉമേഷ് വള്ളിക്കുന്ന് ലംഘിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു.
എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ സംസ്ഥാനത്തുടനീളം പരാതികളുയരുന്ന പശ്ചാത്തലത്തിലായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ലേഖനം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്.
ഒരു ഉന്നതനെയും തൊടാന്‍ ധൈര്യമില്ലാത്ത, വലിയ കാറുകള്‍ കണ്ടാല്‍ മുട്ട് വിറയ്ക്കുന്ന, ചീത്ത വിളിക്കുന്ന മേലാശാന്മാരെ ബാത്‌റൂമില്‍ പോയി പോലും തെറി വിളിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇത്തരം പരാക്രമങ്ങള്‍ കാണിക്കുക എന്ന് തോന്നുന്നുവെന്ന് ലേഖനത്തില്‍ ഉമേഷ് വള്ളിക്കുന്ന് പറഞ്ഞിരുന്നു.
‘കാലത്തിനൊപ്പം വളരാത്ത, വക്രബുദ്ധികളായ ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ ഇരുത്തുമ്പോള്‍ അയാള്‍ക്ക് വിധേയപ്പെട്ട് പണിയെടുക്കേണ്ടി വരുന്ന എല്ലാ ഉദ്യോഗസ്ഥരെയും അത് ബാധിക്കും. ജനങ്ങളോട് മോശമായി പെരുമാറുന്നവര്‍ സംരക്ഷിക്കപ്പെടുകയും ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി പണിയെടുക്കുന്നവര്‍ വേട്ടയാടപ്പെടുകയും ചെയ്യും,’ എന്നും ഉമേഷ് ലേഖനത്തില്‍ പറയുന്നു.
ഇതാദ്യമായല്ല ഉമേഷ് വള്ളിക്കുന്ന് അച്ചടക്ക നടപടി നേരിടുന്നത്. ഡോ. ബിജു സംവിധാനം ചെയ്ത ‘കാടു പൂക്കുന്ന നേരം’ എന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് 2019ല്‍ ഉമേഷിനെ കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പിന്നീട് വനിതാ സുഹൃത്തിന് വീട് വാടകയ്ക്ക്് എടുത്തു നല്‍കിയെന്നാരോപിച്ചും ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഉമേഷിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തത്.