ആട്ടിറച്ചി കഴിച്ചില്ലെങ്കിൽ അവന്റെ ബൗളിങ്ങിന്റെ വേഗത കുറയും: വെളിപ്പെടുത്തലുമായി സൂപ്പർതാരത്തിന്റെ സുഹൃത്ത്
Cricket
ആട്ടിറച്ചി കഴിച്ചില്ലെങ്കിൽ അവന്റെ ബൗളിങ്ങിന്റെ വേഗത കുറയും: വെളിപ്പെടുത്തലുമായി സൂപ്പർതാരത്തിന്റെ സുഹൃത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 5:25 pm

ക്രിക്കറ്റ് കളിക്കുന്ന സമയങ്ങളില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ആഹാര രീതി എങ്ങനെയാണ് എന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഷമിയുടെ സുഹൃത്തായ ഉമേഷ് കുമാര്‍. ശുഭ ശങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് സംസാരിക്കുകയായിരുന്നു ഉമേഷ്.

‘ഷമി ദിവസവും ഒരു കിലോ ആട്ടിറച്ചി കഴിച്ചില്ലെങ്കില്‍ അവന്‍ ബൗള്‍ ചെയ്യുന്ന വേഗത മണിക്കൂറില്‍ 15 കിലോമീറ്റര്‍ വരെ കുറയും. ഷമി എല്ലാം സഹിക്കും പക്ഷേ ആട്ടിറച്ചിയില്ലാതെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിയില്ല. അവന്‍ ഒരു ദിവസം ആട്ടിറച്ചിയില്ലാതെ പിടിച്ചുനില്‍ക്കുമായിരിക്കും. എന്നാല്‍ രണ്ടാമത്തെ ദിവസം അവന്‍ അസ്വസ്ഥനാവുന്നത് കാണാന്‍ സാധിക്കും. പിന്നീടുള്ള ദിവസം അവന്റെ മനസ് തന്നെ നഷ്ടമാവും,’ ഉമേഷ് കുമാര്‍ പറഞ്ഞു.

അതേസമയം ഷമി പരിക്കില്‍ നിന്നും മുക്തി നേടിക്കൊണ്ട് ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ആയിരുന്നു ഷമിക്ക് പരിക്കേറ്റിരുന്നത്. ഇതിന് പിന്നാലെ താരം എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്നും പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഷമി ഇന്ത്യയ്ക്കായി അവസാനം കളിച്ചത്.

ഷമിയുടെ പരിക്കിന് പിന്നാലെ ലോകകപ്പ് കഴിഞ്ഞതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഷമിക്ക് നഷ്ടമാവുകയായിരുന്നു. ഇതിനു പുറമെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്ടമായി.2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.

നിലവില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിനം എന്നീ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ തയ്യാറെടുക്കുന്നുണ്ട്.

ശ്രീലങ്കക്കെതിരെയുള്ള പരമ്പര അവസാനിച്ചതിനുശേഷം ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് മത്സരങ്ങളുള്ളത്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും പരമ്പര നടക്കുക. ഈ സമയമാവുമ്പോഴേക്കും ഷമി പൂര്‍ണ ഫിറ്റോടുകൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമോ എന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Umesh Kumar Talks About Mohemnmed Shami