| Tuesday, 31st October 2017, 11:33 pm

'മാറ്റത്തിന്റെ കാഹളം നിലയ്ക്കുന്നില്ല'; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ആദ്യ ദളിത് ശാന്തിയാവാനൊരുങ്ങി ഉമേഷ് കൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ദളിത് ശാന്തി നിയമനത്തിനു പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും ദളിത് വിഭാഗക്കാരന്‍ ശാന്തിയായി ചുമതലയേല്‍ക്കുന്നു. കേരള ചരിത്രത്തില്‍ തന്നെ ഇടം നേടിയ യദു കൃഷ്ണനു പിന്‍ഗാമിയായി മതിലകം സ്വദേശി ഉമേഷ് കൃഷ്ണനാ(32)ണ് ശാന്തിയായി ചുമതലയേല്‍ക്കുന്നത്.


Also Read: ‘മതസൗഹാര്‍ദ്ദത്തിന്റെ ജിമിക്കി കേരളം’; ജിമിക്കി കമ്മലിന്റെ ഫീമെയില്‍ വേര്‍ഷനുമായി സ്ത്രീ കൂട്ടായ്മ


യദു കൃഷ്ണന്റെ നിയമനത്തിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുന്നേയാണ് കൊച്ചിന്‍ ദേവസ്വസും ചരിത്രത്തിലിടം നേടാന്‍ തയ്യാറെടുക്കുന്നത്. നാളെ രാവിലെ ഒമ്പതിനാണ് ഉമേഷ് കൃഷ്ണന്‍ കൊച്ചിന്‍ ദേവസ്വത്തിനു കീഴിലെ ആദ്യ ദളിത് ശാന്തിയായി ചുമതലയേല്‍ക്കുക.

ഇരിങ്ങാലക്കുട വെള്ളാനി പൊഞ്ഞനം ദേവസ്വം കീഴേടം ഞാലികുളം മഹാദേവക്ഷേത്രത്തിലെ ശാന്തിക്കാരനായാണ് ഉമേഷ് ചുമതലയേല്‍ക്കുന്നത്. മതിലകം കുഴുപ്പുള്ളി ഉണ്ണികൃഷ്ണന്റെയും ഓമനയുടെയും മകന്‍ ഉമേഷ് 12 വര്‍ഷത്തോളമായി ശാന്തിയായി ജോലി ചെയ്ത് വരികയാണ്.

എസ്.എന്‍ പുരം പൂവ്വത്തുംകടവ് പ്രദേശത്തെ മണക്കാട്ട് കണ്ണന്‍ ശാന്തിയില്‍നിന്നാണ് ഉമേഷ് പൂജാവിധികള്‍ പഠിക്കാനാരംഭിച്ചത്. പിന്നീട് കണ്ണൂര്‍ ഇളയാവൂര്‍ തന്ത്രി പ്രകാശ്ശര്‍മയുടെ ശിക്ഷണത്തിലായിരുന്നു. ഭാര്യ: അശ്വതി. മക്കള്‍: അതുല്‍ കൃഷ്ണ, അറ്റ്‌ലീ കൃഷ്ണ.


Dont Miss: വിമാന റാഞ്ചല്‍ ഭീഷണി; ഉറുദുവില്‍ കത്തെഴുതിയത് പിന്നില്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിപ്പിക്കാനെന്ന് പ്രതി


നേരത്തെ യദു കൃഷ്ണന്‍ ശാന്തിയായി ചുമതലയേറ്റതിനെത്തുടര്‍ന്ന് ദളിത് വിരുദ്ധ പ്രസ്താവനകളുമായി സവര്‍ണസംഘടനകളും ചില സംഘ്പരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more