കവിത/ഉമേഷ്ബാബു കെ.സി
വര/മജിനി
സംസ്‌കാരത്തിലെ പുലയാടികളേ,
കാണുന്നുണ്ടോ,
അന്‍പത്തൊന്നു വെട്ടുകളാല്‍ പുതപ്പിക്കപ്പെട്ട
ഒരു ധീരന്റെ ശവം,
മനുഷ്യസ്‌നേഹത്തിന്റെ ഉറവയ്ക്കരികില്‍,
തീ പടര്‍ത്തിക്കിടക്കുന്നത്?
ഘന ലോഹ മുദ്രകളാല്‍ പൂട്ടിയ
നിങ്ങളുടെ തുരുമ്പിച്ച നാവുകളിലിപ്പോള്‍,
ഏത് ഭയ പുരസ്‌കാര സുരതത്തിന്റെ
മധുരമാണ് കിനിയുന്നതെങ്കിലും
വാ തുറക്കുക.
അനീതിയാണെന്ന് പറയുന്നതിനിടയില്‍
പോട്ടിപ്പോകുന്ന ഒരു ഹൃദയം കൊണ്ടെങ്കിലും
നിങ്ങള്‍ മനുഷ്യരാണെന്ന്
ലോകമറിയുമാറാകട്ടെ