ഇത് ആദ്യമെന്ന് കരുതിയവര്‍ക്ക് തെറ്റി; സ്‌റ്റോക്‌സിന്റെ തിരിച്ചുവെച്ച അംബ്രല്ല ഇതിന് മുമ്പും പണി പറ്റിച്ചിട്ടുണ്ട്; ഇന്ന് ഓസീസ്, അന്ന് പാകിസ്ഥാന്‍
THE ASHES
ഇത് ആദ്യമെന്ന് കരുതിയവര്‍ക്ക് തെറ്റി; സ്‌റ്റോക്‌സിന്റെ തിരിച്ചുവെച്ച അംബ്രല്ല ഇതിന് മുമ്പും പണി പറ്റിച്ചിട്ടുണ്ട്; ഇന്ന് ഓസീസ്, അന്ന് പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th June 2023, 7:13 pm

ആഷസ് പരമ്പരയുടെ മൂന്നാം ദിവസത്തെ ഹൈലൈറ്റ് ഖവാജയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് വിന്യസിച്ച ഫീല്‍ഡിങ് തന്നെയായിരുന്നു. സെഞ്ച്വറിയിടിച്ച് മികച്ച ഫോമില്‍ ക്രീസില്‍ നിലയുറപ്പിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജക്കെതിരെയായിരുന്നു സ്റ്റോക്‌സ് തന്റെ ക്രിക്കറ്റ് ബ്രെയ്ന്‍ പുറത്തെടുത്തത്.

ഒറ്റ സ്ലിപ് പോലുമില്ലാതെയായിരുന്നു സ്‌റ്റോക്‌സിന്റെ ഫീല്‍ഡിങ് പ്ലേസ്‌മെന്റ്. സ്ലിപ്പില്‍ ഫീല്‍ഡര്‍മാരെ നിരത്തി ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന അംബ്രല്ല ഫീല്‍ഡിങ്ങിന് പകരം, റിവേഴ്‌സ് അംബ്രല്ല ഫീല്‍ഡിങ്ങാണ് താരം പരീക്ഷിച്ചത്. അതില്‍ സ്റ്റോക്‌സ് വിജയിക്കുകയും ചെയ്തു.

ഖവാജക്ക് ചുറ്റും ഓഫിലും ലെഗിലുമായി ആറ് ഫീല്‍ഡര്‍മാരെയാണ് സ്റ്റോക്‌സ് വിന്യസിച്ചത്. ലെഗ് സൈഡില്‍ ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ നിലയുറപ്പിച്ചപ്പോള്‍ ഓഫ് സൈഡില്‍ ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കൊപ്പം സ്റ്റോക്‌സും നിലയുറപ്പിച്ചു.

 

 

ഈ ആറ് പേരെയും നിരത്തി നിര്‍ത്തിയ പൊസിഷന്‍ കൂടി പരിശോധിക്കാം. അണ്‍കണ്‍വെന്‍ഷണല്‍ ഷോര്‍ട്ട് ലെഗ്, അണ്‍കണ്‍വെന്‍ഷണല്‍ ഷോര്‍ട്ട് മിഡ്‌വിക്കറ്റ്, അണ്‍കണ്‍വെന്‍ഷണല്‍ സില്ലി മിഡ് ഓണ്‍, അണ്‍കണ്‍വെന്‍ഷണല്‍ സില്ലി മിഡ് ഓഫ്, ഷോര്‍ട്ട് സില്ലി പോയിന്റ്, ഷോര്‍ട്ട് കവര്‍ എന്നിങ്ങനെയായിരുന്നു ഫീല്‍ഡര്‍മാര്‍ നിരന്നുനിന്നത്.

സ്റ്റോക്‌സിയുടെ തന്ത്രത്തിന് ഇതേ നാണയത്തില്‍ മറുപടി നല്‍കാനിറങ്ങിയ ഖവാജക്ക് പിഴച്ചു. ഒലി റോബിന്‍സണിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് കളിക്കാനിറങ്ങിയ ഖവാജ റോബിന്‍സണിന്റെ മനോഹരമായ യോര്‍ക്കറിന് മുമ്പില്‍ അടിയറവ് പറഞ്ഞു.

 

 

എന്നാല്‍ ഇതാദ്യമായല്ല സ്റ്റോക്‌സി ഈ തന്ത്രം പയറ്റി വിജയിച്ചത്. പന്തെറിയും മുമ്പ് സ്റ്റോക്‌സ് തന്നോട് പറഞ്ഞ കാര്യങ്ങളെ പറ്റി റോബിന്‍സണ്‍ പറയുമ്പോഴാണ് സ്‌റ്റോക്‌സിയുടെ ആ തന്ത്രം വീണ്ടും ചര്‍ച്ചയായത്.

‘ആ പന്തെറിയും മുമ്പ്, പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലേക്കും അംബ്രല്ല ഫീല്‍ഡിലേക്കും തിരിച്ചുപോകാനാണ് സ്‌റ്റോക്‌സ് എന്നോട് പറഞ്ഞത്,’ റോബിന്‍സണ്‍ പറഞ്ഞു.

എന്താണ് അന്ന് റാവല്‍പിണ്ടിയില്‍ സംഭവിച്ചതെന്ന് നോക്കാം,

റാവല്‍പിണ്ടി ഇന്നിങ്‌സിലെ അഞ്ചാം ദിവസം സൗദ് ഷക്കീലിനെതിരെയാണ് സ്റ്റോക്‌സ് ഈ തന്ത്രം പയറ്റിയത്. എന്നാല്‍ ഫീല്‍ഡിങ് സെറ്റപ്പ് എഡ്ജ്ബാസ്റ്റണിലേത് പോലെയായിരുന്നില്ല.

അണ്‍കണ്‍വെന്‍ഷണല്‍ ഷോര്‍ട്ട് മിഡ്‌വിക്കറ്റ്, സ്ലിപ്പിലും ഗള്ളിയിലുമായി മൂന്ന് ഫീല്‍ഡര്‍മാര്‍, അണ്‍കണ്‍വെന്‍ഷണല്‍ സില്ലി പോയിന്റ്, ഷോര്‍ട്ട് കവര്‍ എന്നിങ്ങനെയായിരുന്നു സ്‌റ്റോക്‌സ് ഫീല്‍ഡര്‍മാരെ വിന്യസിച്ചത്.

മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചപ്പോഴായിരുന്നു സ്‌റ്റോക്‌സ് ഈ തന്ത്രം പുറത്തെടുത്തത്. 76 റണ്‍സുമായി സൗദ് ഷക്കീലായിരുന്നു ആ നിമിഷം ക്രീസിലുണ്ടായിരുന്നത്. ഷക്കീലിനെതിരെ ഔട്ട്‌സൈഡ് ഓഫില്‍ ഒരു കട്ടര്‍ എറിയാനാണ് റോബിന്‍സണ്‍ തീരുമാനിച്ചത്.

എന്നാല്‍ ആ പന്തില്‍ ഡ്രൈവിന് ശ്രമിച്ച ഷക്കീലിന് പിഴച്ചു. സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ കീറ്റണ്‍ ജെന്നിങ്‌സിന്റെ മാസ്മരികമായ ക്യാച്ചില്‍ അഞ്ചാം വിക്കറ്റായി ഷക്കീല്‍ പുറത്തേക്ക്.

തുടര്‍ന്നങ്ങോട്ട് പാകിസ്ഥാന് നിലയുറപ്പിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഒടുവില്‍ 268 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടായപ്പോള്‍ 74 റണ്‍സിന്റെ വിജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

 

കടപ്പാട്: സ്‌പോര്‍ട്‌സ് ടുഡേ

 

 

Content highlight: Umbrella fielding of Ben Stokes